കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയപ്പോള്‍ മുതല്‍ കേള്‍ക്കുന്ന ചോദ്യത്തിന് മറുപടിയുമായി സന്ദീപ് വാര്യര്‍ രംഗത്ത്. കോൺഗ്രസിൽ ചേർന്നത് മുതൽ മിത്രങ്ങള്‍ ചോദിക്കുന്നത് പൊന്നാനിയിൽ പോകുന്നില്ലേ എന്നാണ്, അതിന് ഇതാ ഉത്തരമായിരിക്കുന്നു എന്ന ഒരു കുറിപ്പാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സന്ദീപ് വാര്യര്‍ പങ്കുവച്ചിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്;
‘കോൺഗ്രസിൽ ചേർന്നത് മുതൽ മിത്രോംസ് ചോദിക്കുന്നത് പൊന്നാനിയിൽ പോകുന്നില്ലേ എന്നാണ്. ഒടുവിൽ ആ ചോദ്യത്തിന് ഒരു ഉത്തരമായിരിക്കുന്നു. പൊന്നാനിയിൽ ഇന്ന് പോകുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എംപി ഗംഗാധരൻ ഫൗണ്ടേഷനും ചേർന്ന് പൊന്നാനിയിൽ നടത്തുന്ന ശബരിമല തീർഥാടകരുടെ വിശ്രമകേന്ദ്രത്തിൽ ഇന്ന് 12 മണിക്ക് സന്ദർശനം നടത്തും. സ്വാമിയേ ശരണമയ്യപ്പ...
സന്ദീപ് വാര്യര്‍ക്ക് പൊന്നാനിയിലേക്ക് സ്വാഗതം നേര്‍ന്നുകൊണ്ടും സംഘപരിവാറിനെ വിമര്‍ശിച്ചും മാത്രമല്ല സ്വാമി ശരണം എന്ന ഒറ്റവരി മറുപടിയാണ് പലരും വിഡിയോയ്ക്ക് കമന്‍റാണ് ഇട്ടിരിക്കുന്നത്. സന്ദീപ് വാര്യരുടെ പാര്‍ട്ടി മാറ്റവും നിലപാടുകളും പലരും ചര്‍ച്ചയാക്കുന്നുമുണ്ട്. സന്ദീപ് വാര്യര്‍ പങ്കുവച്ച പോസ്റ്ററും കുറിപ്പും നിമിഷനേരം കൊണ്ട് സൈബറിടം കീഴടക്കി. നേരത്തെ ഹിന്ദു ഭവനങ്ങളിൽ ക്രിസ്മസ് നക്ഷത്രം തൂക്കരുതെന്ന് സ്വകാര്യ കമ്പനി നല്‍കിയ പരസ്യത്തെ വിമര്‍ശിച്ച് സന്ദീപ് വാരിയര്‍ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.
സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നായിരുന്നു പരസ്യത്തിനെതിരെ സന്ദീപ് വാരിയര്‍ പറഞ്ഞത്. ‘ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്തുമസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല, മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകരനക്ഷത്രം ഉപയോഗിക്കൂ’ എന്നായിരുന്നു പരസ്യം.
‘ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും. എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക?
ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം’ എന്നായിരുന്നു ഇതിന് സന്ദീപ് വാര്യര്‍ നല്‍കിയ മറുപടി.