cpm

TOPICS COVERED

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം. സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്തുതന്നെയാണ് ആദ്യ ജില്ലാസമ്മേളനം. ഫെബ്രുവരി 11ന് തൃശൂര്‍ ജില്ലാസമ്മേളനത്തോടെ സമാപിക്കും. ലോക്കല്‍, ഏരിയ സമ്മേളനങ്ങളില്‍ ഉണ്ടായ രൂക്ഷമായ ചേരിപ്പോര് ജില്ലാ സമ്മേളനങ്ങളെ ബാധിക്കാതെ നോക്കുക എന്നത് നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും.

 

സംസ്ഥാന സമ്മേളനം ശോഭയോടെ നടത്തേണ്ട കൊല്ലം ജില്ലയില്‍ത്തന്നെ ലോക്കല്‍ സമ്മേളനം മുതല്‍ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിന്‍റെ ക്ഷീണം മാറും മുന്‍പാണ് ജില്ലാസമ്മേളനത്തിലേക്ക് കടക്കുന്നത്. പാര്‍ട്ടി നയങ്ങളും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളനങ്ങളിലെപ്പോലെ ഇഴകീറി പരിശോധിക്കപ്പെടും. അധികാരത്തിന്‍റെ അഹന്തയും സമരങ്ങളില്ലാത്തതിന്‍റെ ആലസ്യവും ബാധിച്ചതാണ് പ്രാദേശിക തലത്തിലെ തര്‍ക്കങ്ങള്‍ക്ക് ഒരു കാരണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ബ്രാഞ്ച് മുതല്‍ ഏരിയ സമ്മേളനങ്ങള്‍ വരെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കുന്ന ഗൗരവതരമായ ചര്‍ച്ചകളാണ് നടന്നത്.  ഇതേ വിമര്‍ശനങ്ങള്‍ ജില്ലാ സമ്മേളനങ്ങളിലും ഉയരും. 

സംസ്ഥാന സമ്മേളനമാണ് തീരുമാനങ്ങളെടുക്കുന്നതില്‍ വലുതെങ്കിലും പാര്‍ട്ടിയുടെ മുഖം മിനുക്കേണ്ടത് ജില്ലാ സമ്മേളനങ്ങളിലാണ്.  പരിചയസമ്പത്തിനൊപ്പം യുവത്വവും ജില്ലാ നേതൃനിരയിലേക്ക് വരണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. മാറുന്ന കാലത്തിനനുസരിച്ച് പാര്‍ട്ടിയെ നവമാധ്യമങ്ങളിലും നയിക്കാന്‍ കഴിയുന്നവരെയാണ് ജില്ലാ നേതൃത്വങ്ങളിലേക്ക് ലക്ഷ്യമിടുന്നത്. ടേം പൂര്‍ത്തിയായ ജില്ലാ സെക്രട്ടറിമാരെക്കൂടാതെ മറ്റ് ചില ജില്ലാ സെക്രട്ടറിമാരേക്കൂടി മാറ്റിയേക്കും. പ്രാദേശിക വിഭാഗീയതയ്ക്ക് ഏരിയ സമ്മേളനങ്ങള്‍ വരെ നേതൃത്വം നല്‍കിയവരെ ജില്ലാ സമ്മേളനത്തോടെ ഒതുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആലോചന.

ENGLISH SUMMARY:

CPM district meetings will begin tomorrow; The challenge before the party is not to affect the district meetings due to the intense local infighting in the local-area meetings