മാടായി കോളജ് വിഷയത്തില്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരായ നടപടി തെറ്റെന്ന് എം.കെ.രാഘവന്‍ എം.പി. ഡിസിസി പ്രസിഡന്‍റിനോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഡിസിസി പ്രസിഡന്‍റ് നടപടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം.കെ.രാഘവന്‍ ഡല്‍ഹിയില്‍ പറഞ്ഞു. 

Read Also : നിയമന വിവാദം: എം.കെ. രാഘവ‌നെതിരെ കോണ്‍ഗ്രസ് പ്രകടനം; കോലം കത്തിച്ചു

നിയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണം വസ്തുതാവിരുദ്ധമാണ്. ജോലി കിട്ടാത്തവരെ ചിലര്‍ ഇളക്കിവിടുന്നു. മാടായി കോളജില്‍ നിയമനത്തിനായി അഭിമുഖം നടത്തിയത് പിഎസ്‌സി മാനദണ്ഡപ്രകാരമാണ്. അഭിമുഖം നടത്തിയത് ഞാനല്ല. സര്‍ക്കാര്‍ നിയോഗിച്ച ജോയിന്‍റ് സെക്രട്ടറിയെന്നും എംപി വിശദീകരിച്ചു. 

കെ.പി.സി.സി നിലപാട് നിര്‍ണായകം

ബന്ധുവിന് നിയമനം നല്‍കിയ മാടായി കോളജ് ചെയര്‍മാനും കോഴിക്കോട് എം.പിയുമായ എം.കെ.രാഘവനെതിരായ ആരോപണത്തില്‍ കെ.പി.സി.സി നിലപാട് നിര്‍ണായകം. കണ്ണൂര്‍ ഡി.സി.സി ആദ്യമെടുത്ത നിലപാട് മാറ്റി പ്രാദേശിക പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നിന്നതോടെ രാഘവന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലെന്ന് വ്യക്തമായി. എം.പിയെ ഇനി മാടായിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

മാടായി കോളജില്‍ സഹോദരിയുടെ മകനായ ധനേഷിനെ ഓഫീസ് അറ്റന്‍റര്‍ തസ്തികയില്‍ നിയമിക്കാന്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് രാഘവന്‍ എം.പിക്കെതിരായ കോണ്‍ഗ്രസുകാരുടെ ആരോപണം. കോളജിലെ ഇന്‍ര്‍വ്യൂവിനെത്തിയ എം.പിയെ തടഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം അച്ചടക്ക നടപടിയെടുത്ത കോണ്‍ഗ്രസ് ജില്ലാ നേതൃത്വം, പതുക്കെ നിലപാടില്‍ മാറ്റംവരുത്തിയത് ഭരണസമിതി അംഗങ്ങളായ പാര്‍ട്ടി ചുമതലയുള്ളവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താണ്.

ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഈ ഭരണസമിതിയുടെ തലവനായ എംപിക്കെതിരെ നടപടിയില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗമായ എംകെ രാഘവനെതിരെ നടപടിയെടുക്കാന്‍ ഡിസിസിക്ക് കഴിയില്ലെന്നതാണ് ഇവിടെ വെല്ലുവിളി. അതിനാല്‍ രാഘവന്‍റെ കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നിലപാടാണ് ഇനി അറിയേണ്ടത്. ഭരണസമിതിയിലെ മറ്റൊരംഗമായ പയ്യന്നൂര്‍ ബ്ലോക്ക് പ്രസി‍ഡന്‍റ് കെ ജയരാജിന്റെ കാര്യത്തിലും നിലപാടെടുക്കേണ്ടത് കെ.പി.സി.സിയാണ്.

ENGLISH SUMMARY:

Appointment controversy: Allegation is untrue; says MK Raghavan MP