സമസ്ത മുശാവറ ഇറങ്ങിപോക്ക് വിവാദത്തില്‍ ഒറ്റപ്പെട്ട് ഉമര്‍ ഫൈസി മുക്കവും ലീഗ് വിരുദ്ധ ചേരിയും. ഉമര്‍ഫൈസിക്കെതിരെ ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ലീഗ് അനുകൂല വിഭാഗം വീണ്ടും സമസ്ത അധ്യക്ഷന് കത്ത് നല്‍കി. തര്‍ക്കം സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലായതോടെ ലീഗ്, മധ്യസ്ഥ റോളിലേക്കും മാറി.
ജിഫ്രി തങ്ങള്‍ മുശാവറയില്‍ നിന്ന് ഇറങ്ങിപോയെന്ന് മുശാവറ അംഗമായ ബഹാവുദീന്‍ നദ്വി തന്നെ സ്ഥിരീകരിച്ചത് സമസ്തക്കുള്ളില്‍ വലിയ പ്രകമ്പനമാണ് ഉണ്ടാക്കിയത്. നേതാക്കളിലും പ്രവര്‍ത്തകരിലും ഇതിന്‍റെ മനോവിഷമം പ്രകടം. ജിഫ്രി തങ്ങളും അസ്വസ്ഥനാണ്. സമസ്ത അധ്യക്ഷനെ ധിക്കരിച്ചുവെന്ന ആക്ഷേപത്തെ പ്രതിരോധിക്കാനാകാത്ത സ്ഥിതിയിലാണ് നിലവില്‍ ഉമര്‍ ഫൈസി മുക്കവും ലീഗ് വിരുദ്ധ വിഭാഗവും.
Also Read; അനധികൃത 'റെന്‍റ് എ കാറു'കള്‍ക്ക് പിടിവീഴും; കര്‍ശന നടപടിയെന്ന് മന്ത്രി
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ പോലും ഉമര്‍ഫൈസിക്ക് പ്രതിരോധം തീര്‍ത്ത ലീഗ് വിരുദ്ധ ചേരിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. അവസരം പരമാവധി മുതലാക്കാനാണ് ലീഗ് അനുകൂല വിഭാഗത്തിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായാണ് അധ്യക്ഷനെ അപമാനിച്ചതില്‍ ഉമര്‍ഫൈസിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അബ്ദുസമദ് പൂക്കോട്ടൂര്‍ അടക്കമുള്ളവര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
എന്നാല്‍ മുശാവറയിലെ ചര്‍ച്ചകള്‍ പുറത്തുവിട്ട നദ്വിക്കെതിരെയാണ് നടപടി വേണ്ടത് എന്നാണ് ഉമര്‍ ഫൈസിയുടെ ആവശ്യം. ലീഗ്– സമസ്ത തര്‍ക്കത്തില്‍ നിന്ന് സമസ്തയിലെ ആഭ്യന്തര തര്‍ക്കമായി കാര്യങ്ങള്‍ മാറിയതോടെ ലീഗിന് അല്‍പ്പം ആശ്വസിക്കാമെങ്കിലും അനുരഞ്ജന ചര്‍ച്ച ഇതോടെ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായി മാറി.