വിജയ് ചൗക്കിൽനിന്ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്ത് പ്രതിപക്ഷ എം.പിമാര്‍. ‘ഐ ആം അംബേദ്കര്‍’ എന്ന ബോര്‍ഡുമായി പ്രിയങ്ക ഗാന്ധിയടക്കമുള്ള എംപിമാരാണ് പ്രതിഷേധിക്കുന്നത്. ഭരണപക്ഷം പരിഭ്രാന്തിയിലെന്നതിന്‍റെ തെളിവാണ് രാഹുലിനെതിരായ കേസെന്ന് പ്രിയങ്ക പറഞ്ഞു. അമിത് ഷാ രാജിവച്ചു പുറത്തുപോകാതെ പിന്നോട്ടില്ലെന്ന് കെ.സി വേണുഗോപാലും പറഞ്ഞു. അതേസമയം, ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ എന്‍ഡിഎ എംപിമാരും പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് എന്‍ഡിഎയുടെ പ്രതിഷേധം. ലോക്സഭ തുടക്കം മുതല്‍ ബഹളമയമായതിനെ തുടര്‍ന്ന് ചേര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ പിരിഞ്ഞു. മുദ്രാവാക്യം വിളികളുമായാണ് ഭരണപക്ഷവും പ്രതിപക്ഷവും ലോക്സഭയിലെത്തിയത്.
പാര്‍ലമെന്‍റ് വളപ്പില്‍ ഇന്നലെയുണ്ടായ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ബിജെപി എം.പി ഹേമാംഗ് ജോഷിയുടെ പരാതിയിലാണ് കേസ്. ശാരീരിക ആക്രമണം, മുറിവേൽപ്പിക്കൽ, ഗുരുതരമായ പരുക്കേൽപ്പിക്കൽ, ക്രിമിനൽ ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. വധശ്രമകുറ്റവും ബിജെപി പരാതിയിൽ ആരോപിച്ചിരുന്നെങ്കിലും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. സമാധാനപരമായി പ്രകടനം നടത്തവെ താനടക്കമുള്ള എം.പിമാർക്കെതിരെ രാഹുൽ ഗാന്ധി സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിച്ച് ബലപ്രയോഗം നടത്തിയെന്നും മുകേഷ് രാജ്പുത്, പ്രതാപ് സാരംഗി എന്നിവർക്ക് പരുക്കേറ്റെന്നുമാണ് പരാതി. ബിജെപി എംപിമാർക്കെതിരെ കോൺഗ്രസും പരാതി നൽകിയിരുന്നു.