പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരായി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം. 'ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെ'ന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന നിലപാട് സിപിഎം നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയാറായില്ല.
സരിനെ സ്ഥാനാർഥിയാക്കിയത് കൃത്യമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്നും പ്രചാരണ വിഷയത്തിൽ പാർട്ടിക്ക് വീഴ്ചയുണ്ടായില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ഉപതിരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ എൻ.എൻ കൃഷ്ണദാസിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനം.