വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കയതില്‍ സംഘടന നടപടിയില്ലെന്ന് സിപിഎം. വീഴ്ചപറ്റിയെന്ന് തിരിച്ചറിഞ്ഞെന്നും ഇനി ജാഗ്രത പുലര്‍ത്തുമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി മനോരമ ന്യൂസിനോട് പറഞ്ഞു. തെറ്റുതിരുത്തല്‍ തിരുവന്തപുരത്ത് നടത്തിയുണ്ടെന്നും പോരായ്മകള്‍ തിരുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടിയത് ഹൈക്കോടതി ഇടപെട്ടതോടെ പാര്‍ട്ടി തിരുത്തി പറയേണ്ടി വന്നു. റോഡില്‍ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്നാണ് പാര്‍ട്ടി തുറന്നുപറയുന്നത്. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയാല്‍ നടപടി എടുത്തു മാറ്റി നിര്‍ത്തുന്നതാണ് സംഘടന രീതി. എന്നാല്‍ വഞ്ചിയൂരില്‍ സ്റ്റേജ്കെട്ടിയ പാളയം ഏരിയ കമ്മിറ്റി ഒന്നാകെ പ്രതിക്കൂട്ടിയാതിനാല്‍ സംഘടന നടപടികളിലേക്ക് സിപിഎം നീങ്ങില്ല. തിരുവനന്തപുരത്ത് തെറ്റുതിരുത്തല്‍ രേഖ നടപ്പായില്ല എന്ന വിമര്‍ശനത്തെ ജില്ലാ നേതൃത്വം ഉള്‍ക്കൊള്ളുന്നുണ്ട്. ചില പ്രശ്നങ്ങള്‍ ചിലയിടത്തുണ്ടെന്നും വി ജോയി സമ്മതിച്ചു.