2016 ലെ വട്ടിയൂര്‍ക്കാവ് നിയമസഭ തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കെ മുരളീധരന്‍. വയനാട്ടില്‍ പ്രിയങ്കഗാന്ധിയടക്കം  മുസ്ലീം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണ് ജയിച്ചതെന്ന് സി.പി.എം നേതാക്കള്‍ ആക്ഷേപിക്കുമ്പോഴാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്ന മുരളീധരന്റ വെളിപ്പെടുത്തല്‍.‌

ലോക്സഭ തിരഞ്ഞെടുപ്പിലെ യുഡി.എഫ് ജയം തന്നെ  മുസ്ലീം വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് നേടിയതാണെന്നായിരുന്നു സി പി എമ്മിന്റ പ്രധാന ആക്ഷേപം. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം  ആക്ഷേപത്തിന്റ മൂര്‍ച്ച കൂട്ടി . എ വിജയരാഘവനെ വര്‍ഗീയ രാഘവനെന്ന് പരിഹസിച്ചായിരുന്നു കോണ്‍ഗ്രസിന്റ തിരിച്ചടി. പക്ഷെ പാര്‍ട്ടിയെത്തന്നെ വെട്ടിലാക്കുന്നതായി കെ മുരളീധരന്റ ഇപ്പോഴത്തെ പ്രസ്താവന. 

കിട്ടിയ പിന്തുണയെ തള്ളിപ്പറയേണ്ടതില്ലെന്ന് പറയുമ്പോഴും മുരളീധരന്‍ മറ്റൊന്നു കൂടി വ്യക്തമാക്കുന്നുണ്ട്. 2019  മുതല്‍ ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടേത്. പക്ഷെ പരസ്യപിന്തുണ പ്രഖ്യാപിച്ചതിനുശേഷം തനിക്ക് ഇതുവരെ അവരുടെ പിന്തുണ കിട്ടിയിട്ടില്ല. കേരളത്തിന് പുറത്ത് സി.പി.എമ്മിന് ഈ പരസ്യപിന്തുണയുടെ ഗുണം കിട്ടിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ബി ജെ പി മൂന്നാം സ്ഥാനത്തായ 2016 ലെ വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പില്‍ 7622 വോട്ടിനായിരുന്നു മുരളിയുടെ ജയം 

ENGLISH SUMMARY:

K. Muraleedharan said that the Congress alliance has received the support of Jamaat-e-Islami