കോൺഗ്രസിൻ്റെ തലമുതിർന്ന നേതാവ് എ.കെ.ആന്‍റണിക്ക് ഇന്ന് 84-ാം പിറന്നാൾ. ജന്മദിനാഘോഷ പതിവുകൾ ഇല്ലാത്ത ആന്‍റണിക്ക് ഏതൊരു ദിനവും  പോലെ ഇന്നത്തെ ദിവസവും കടന്നുപോകും. കോൺഗ്രസിൽ ഉയർന്നു കേൾക്കുന്ന തലമുറമാറ്റ മുറവിളികൾക്ക് ഇടയിൽ ആദർശരാഷ്ട്രീയം ആയുധമാക്കി അരനൂറ്റാണ്ട് മുൻപു ആൻ്റണിയുടെ നേതൃത്വത്തിൽ യുവനിര നടത്തിയ വിപ്ലവം പുതുതലമുറയ്ക്ക് പാഠപുസ്തകമാണ്.  

ആന്‍റണിക്കും അദ്ദേഹത്തിൻറെ മതവിശ്വാസമായ കോൺഗ്രസിനും ഇന്ന് ജന്മദിനമാണ്. കോൺഗ്രസിന് 139 വർഷത്തിൻ്റെ കരുത്തും, ആൻറണിക്ക് ആയിരം പൂർണചന്ദ്രന്മാരെ കണ്ട 84 ൻ്റെ നിറവും.

രാഷ്ട്രീയ കളിക്കളത്തിൽ കളംനിറഞ്ഞു കളിച്ച കെ. കരുണാകരൻ്റെ കൗശലങ്ങൾക്ക് മുൻപിൽ ഫൗൾ കാണിക്കാതെ, ലാളിത്യവും ആദർശവും മുഖമുദ്രയാക്കിയാണ് ആൻ്റണി സ്വന്തം കസേര പണിതുയർത്തിയത്. ഒരണസമര നായകനായി കെഎസ്‌യുവിലൂടെ വളർന്ന് 1972 ൽ KPCC അധ്യക്ഷനാകുമ്പോൾ ആന്റണിക്ക് പ്രായം 32.  കരുണാകരന്റെ രാജിയെ തുടർന്ന് 77 ൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോൾ പ്രായം 36. 70 ലെ തിരഞ്ഞെടുപ്പിൽ തോൽക്കും എന്ന് പാർട്ടി ഉറപ്പിച്ച സീറ്റുകളിൽ മൽസരിച്ച വിജയിച്ചാണ് ആൻറണിയും സംഘവും പാർട്ടിയിൽ പിടിമുറുക്കിയത്. തലമുറ മാറ്റത്തിന് മുറവിളി കൂട്ടുന്ന ഇന്നത്തെ യുവസംഘത്തിന് പഠിക്കാൻ ഏറെയുണ്ട് ഇതിൽ.

ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തൻ എന്ന് ലേബലിലേക്ക് ആൻറണിയെ ചുരുക്കാൻ ശ്രമിക്കുന്നവരും മകൻറെ പാർട്ടി മാറ്റം ഉയർത്തി സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കുന്നവരും അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് നട്ടെല്ല് നിവർത്തി നിന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്തുനോക്കി  പറഞ്ഞ ആൻ്റണിയെ മറച്ചുപിടിക്കും.

മൂന്നുതവണ മുഖ്യമന്ത്രി, ഏറ്റവും കൂടുതൽ കാലം പ്രതിരോധമന്ത്രി,  പ്രവർത്തകസമിതിയിലെ സൂപ്പർ സീനിയർ. അലങ്കരിച്ച പദവികളെ കുറിച്ച് പറയുമ്പോഴും പിടികിട്ടാത്ത ഒന്നുണ്ട്. ആൻറണിയുടെ രാജിശാസ്ത്രം. നിലപാടുകളുടെ പേരിൽ സ്ഥാനമാനങ്ങൾ വലിച്ചെറിയാൻ ഒരു മടിയും കാണിച്ചില്ല ആൻറണി.

രാഷ്ട്രീയ പ്രായക്കണക്കിൽ 84 കരുക്കൾ നീക്കാനുള്ള ഒത്ത പ്രായമാണ്. പുതുതലമുറയ്ക്ക് വഴിമാറി നിൽക്കുമ്പോഴും കേരളത്തിൻറെ രാഷ്ട്രീയ മണ്ണിനെ ഇത്ര ആഴത്തിൽ ഇന്നും ഗ്രഹിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവില്ല. പിണറായിക്ക് തുടർഭരണം പ്രവചിച്ച ആൻറണി, ഈയടുത്ത് നടത്തിയ പ്രസ്താവനയിലുമുണ്ട് പാർട്ടിക്കുള്ള മുന്നറിയിപ്പ്.

വാക്കിലും നോട്ടത്തിലും മാത്രമല്ല ദിനചര്യയിലും ഉണ്ട് ഒരു ആൻറണി അച്ചടക്കം. എല്ലാദിവസവും മുടങ്ങാതെ ഇന്ദിര ഭവനിൽ വരും. മൂന്നു മണിക്കുറിലേറെ ചിലവിടും.

സാധാരണ പാർട്ടിയുടെ സ്ഥാപക ദിനാഘോഷത്തിൽ അലിഞ്ഞുചേർന്ന് ആൻറണിയും പിറന്നാൾ കൊണ്ടാടുന്നതാണ് പതിവ്. എന്നാൽ ഇത്തവണ അതുമില്ല. രണ്ടാം യുപിഎ മന്ത്രിസഭയിലെ രണ്ടാമൻ എന്നതിനപ്പുറമാണ് ആൻറണിക്ക് മൻമോഹൻ സിങ്ങുമായുള്ള വ്യക്തിബന്ധം. ആ വിയോഗത്തിനിടെ, ജന്മദിനാശംസകൾ നേരുന്നവരോട് തിരിച്ച് നന്ദി പോലും പറയാൻ ആൻ്റണി ഒരുക്കമല്ല.

ഒരു കാര്യം തീർച്ചയാണ്, ഈ ജീവിതം പകർത്താനാവില്ല. ആന്റണിക്ക് തുല്യം ആൻ്റണി മാത്രം.

ENGLISH SUMMARY:

Former Kerala CM AK Antony turns 84