anwar-pv

TOPICS COVERED

പി.വി.അന്‍വറുമായുള്ള സഹകരണത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. അൻവറുമായി സഹകരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ ഡിസിസികളോട് ആവശ്യപ്പെടുമ്പോൾ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.  വനനിയമ ഭേദഗതിക്കെതിരെ പി.വി അൻവർ ഇന്ന് ആരംഭിക്കുന്ന പ്രതിഷേധ യാത്രയിൽ പങ്കെടുക്കാൻ പല യുഡിഎഫ് നേതാക്കളും ആദ്യം തീരുമാനിച്ചെങ്കിലും നേതൃത്വത്തിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് തുടർന്ന് പലരും പിൻവാങ്ങി.

 

ഒരു സിപിഎം എംഎൽഎ കളം മാറി കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാകുമ്പോൾ അവസരം മുതലാക്കുകയല്ലേ വേണ്ടതെന്നാണ് കെ സുധാകരൻ ജില്ലാ നേതൃത്വങ്ങളോട്  ചോദിക്കുന്നത്. വനനിയമ ഭേദഗതിക്കെതിരെ നടത്തുന്ന സമരത്തിലേക്ക് പി വി അൻവർ കോൺഗ്രസ്, ലീഗ് നേതാക്കളെ ക്ഷണിച്ചെങ്കിലും അവസാന നിമിഷം നേതൃത്വം ഇടപെട്ട് മിക്ക നേതാക്കളേയും പിൻമാറ്റി. അൻവർ നിലമ്പൂരിൽ വിളിച്ച ആലോചന  യോഗത്തിലും കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡൻറുമാർ പങ്കെടുത്തിരുന്നു.

 പി വി അൻവറുമായി ചേരുന്നതിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള  നേതാക്കൾക്ക് അതൃപ്തിയുള്ള  സാഹചര്യത്തിലാണ് നേരത്തെ സഹകരിക്കാം എന്നേറ്റ പലരും പിന്മാറിയത്. അൻവറിൻ്റെ യാത്ര ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പോസ്റ്റർ വരെ  ഇറക്കിയെങ്കിലും വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ അവസാനനിമിഷം പിൻമാറുകയായിരുന്നു. അൻവറുമായി സഹകരിക്കുന്ന കാര്യത്തിൽ ഇതുവരേയും ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്ന് സംഘടന ചുമതലയുള്ള എസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു

പി.വി അൻവറിന്റെ യാത്രയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മുതിർന്ന മുസ്ലീംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ അടക്കമുള്ളവരുടെ പേരുകളുമുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ  തൽക്കാലത്തേക്ക് അൻവറുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടിലാണ് എഐസിസിയും യുഡിഎഫും.