ബി.ജെ.പിയിലെ അടിസ്ഥാന സംഘടനാ സംവിധാനമായ ബൂത്തുതലത്തിലെയും തൊട്ടുമുകളിലുള്ള മണ്ഡലംതലത്തിലെയും ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഔദ്യോഗിക പക്ഷത്തിന് വന്‍ നേട്ടം. ഇരുനൂറ്റിയെണ്‍പത് മണ്ഡലങ്ങളില്‍ എണ്‍പതുശതമാനവും ഔദ്യോഗിക പക്ഷം കൈയ്യടക്കി .ഉദാഹരണത്തിന് തിരുവനന്തപുരം ജില്ലയിലെ 28 മണ്ഡലങ്ങളില്‍ 26 ഉം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ അനുകൂലിക്കുന്നവരാണ്. എണറാകുളത്തെ 28 മണ്ഡലങ്ങളില്‍ 22 ഉം ഔദ്യോഗിക പക്ഷത്തിനൊപ്പം. ഇതിനുപുറമെ കൊല്ലം, പത്തനംതിട്ട, കോട്ടയം,, തൃശൂര്‍, മലപ്പുറം, പാലക്കാട്, കാസര്‍കോഡ്, വയനാട് എന്നിവിടങ്ങളിലും ഔദ്യോഗിക പക്ഷം മേല്‍കൈ നേടി.
നേരത്തെ ശക്തിയില്ലാത്ത ആലപ്പുഴയിലും ഔദ്യോഗിക വിഭാഗം മുന്‍തൂക്കം നേടി.കോഴിക്കോട് , കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് കൃഷ്ണദാസ് പക്ഷത്തിന് കൂടുതല്‍ സ്വാധീനം. കോഴിക്കോട് നോര്‍ത്ത്, വടകര മേഖലയില്‍ ഇവര്‍ക്ക് മുന്‍തൂക്കവുമുണ്ട്. മണ്ഡലം പ്രസിഡന്റുമാരെ പത്തിന് പ്രഖ്യാപിക്കും. തര്‍ക്കമുള്ളവ സംസ്ഥാന സമിതിയുടെ പരിശോധനയ്ക്ക് വിടും. അന്‍പതുശതമാനം ബൂത്ത് സമ്മേളനങ്ങള്‍ കഴിഞ്ഞ മണ്ഡലങ്ങളിലെ പ്രസിഡന്റുമാരെയാകും പ്രഖ്യാപിക്കുക. ചിലയിടങ്ങളില്‍ ബൂത്ത് സമ്മേളനങ്ങള്‍ കഴിഞ്ഞിട്ടില്ല. മറ്റുചിലയിടങ്ങളില്‍ ബൂത്ത് കമ്മിറ്റി തന്നെ ഇല്ല. ഇവിടെ കണ്‍വീനര്‍മാരാണുള്ളത്.
ആയിരത്തി ഇരുനൂറിലേറെ ബൂത്തുകളിലാണ് ബി.ജെ.പിക്ക് സംഘടനാ സമിതിയുള്ളത്. പതിനാലിന് പകരം 30 ജില്ലാ പ്രസിഡന്റുമാരായിരിക്കും ഇനി വരിക. ഈ മാസം പതിനഞ്ചിന് ശേഷമാകും തിരഞ്ഞെടുപ്പ്. ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, സംസ്ഥാന സമിതി അംഗങ്ങള്‍, ദേശീയ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുക.