എംഎല്‍എ സ്ഥാനം രാജിവച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമെന്ന് പി.വി.അന്‍വര്‍. ‘രാജിവയ്ക്കണമെന്ന ഉദ്ദേശത്തോടെയല്ല കൊല്‍ക്കത്തയില്‍ പോയത്. കേരളവും മറ്റ് 12 സംസ്ഥാനങ്ങളും നേരിടുന്ന വന്യജീവി ആക്രമണങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ മമത ബാനര്‍ജിയുടെ പിന്തുണ തേടുകയായിരുന്നു ലക്ഷ്യം. വിഡിയോ കോണ്‍ഫറന്‍സില്‍ മമതയോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിച്ചുപോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്‍റില്‍ വിഷയം ശക്തമായി ഉന്നയിക്കാമെന്നും പിന്തുണയ്ക്കാമെന്നും മമത പ്രതികരിച്ചു.’ ഇതനുസരിച്ചാണ് അവരുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
‘കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഏകോപനച്ചുമതല ഏറ്റെടുക്കാന്‍ മമത നിര്‍ദേശിച്ചു. എംഎല്‍എ ആയിരിക്കേ മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ നിയമതടസമുണ്ടെന്ന് അറിയിച്ചു. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന്‍റെ ഘട്ടത്തില്‍ പാര്‍ട്ടിയില്‍ ചേരാമെന്നും ഉറപ്പുനല്‍കി . പക്ഷേ ഒട്ടും സമയം കളയാതെ ദൗത്യം ഏറ്റെടുക്കാനായിരുന്നു മമതയുടെ നിര്‍ദേശം.
കേരളത്തില്‍ പോയി എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും അവര്‍ ആവശ്യപ്പെട്ടു. നിലമ്പൂരിലെത്തി വോട്ടര്‍മാരോടും ഒപ്പം നില്‍ക്കുന്ന നേതാക്കളോടും നാല് ബിഷപ്പുമാര്‍ അടക്കമുള്ള സാമുദായിക നേതാക്കളോടും സംസാരിച്ചു. സ്ഥാനമൊഴിയുന്നതില്‍ സംശയം പ്രകടിപ്പിച്ചവര്‍ പോലും ഒരു മുഖ്യമന്ത്രി പ്രശ്നം ഏറ്റെടുക്കാന്‍ തയാറായ സാഹചര്യം പ്രധാനമാണെന്ന നിലപാടുകാരായിരുന്നു.’ അങ്ങനെയാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
ഞായറാഴ്ച തന്നെ സ്പീക്കര്‍ക്ക് ഇ–മെയില്‍ വഴി രാജിക്കത്ത് നല്‍കിയിരുന്നുവെന്നും പി.വി.അന്‍വര്‍ വെളിപ്പെടുത്തി. എന്നാല്‍ എംഎല്‍എ രാജിവയ്ക്കുമ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട് നേരിട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കണം എന്നാണ് നിയമത്തിലെ വ്യവസ്ഥ. തിങ്കളാഴ്ച നേരിട്ട് രാജിക്കത്ത് സമര്‍പ്പിക്കാമെന്ന് ഇ–മെയിലില്‍ സ്പീക്കറെ അറിയിച്ചിരുന്നു. രാജി സ്വീകരിക്കണം എന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജി സ്വീകരിക്കേണ്ട ഉത്തരവാദിത്തം സ്പീക്കര്‍ക്കാണെന്നും അന്‍വര്‍ പറഞ്ഞു.