relief-for-cpm-palakkad-district-meeting-without-sectarianism

TOPICS COVERED

കരുത്ത് എത്രയുണ്ടോ അതിന്‍റെ ഇരട്ടി വിഭാഗീയതയും ചർച്ചയായിരുന്ന പാലക്കാട്ടെ സി.പി.എമ്മിൽ ഇത്തവണ ഭിന്നത നീങ്ങിയുള്ള ജില്ലാസമ്മേളനം. മൽസരവും വെട്ടിനിരത്തലുമെന്ന പരാതിയില്ലാതെ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കാനായത് നാളെ തുടങ്ങുന്ന ജില്ലാ സമ്മേളനത്തിന് ഔദ്യോഗിക നേതൃത്വത്തിന് കരുത്താവും. പാലക്കാട് മണ്ഡലത്തില്‍ പാർട്ടിക്ക് വേരോട്ടമില്ലെന്ന വിമർശനവും കൊഴിഞ്ഞാമ്പാറയിലെ വിമത ശബ്ദമുണ്ടാക്കിയ നേരിയ ചലനങ്ങളും ചർച്ചയാവുമ്പോഴും ഇ.എൻ. സുരേഷ് ബാബു രണ്ടാം വട്ടവും സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത.

 

കലഹമൊഴിയാത്ത ഇടങ്ങളായിരുന്ന മണ്ണാർക്കാട്, ഒറ്റപ്പാലം, പുതുശ്ശേരി ഏരിയ കമ്മിറ്റിയിൽ ഇത്തവണ പേരിന് പോലും വിമർശനമില്ല. മണ്ണാർക്കാട്ടെ പാർട്ടി സംവിധാനങ്ങളിൽ പ്രബലനെന്ന് കരുതിയ പി.കെ.ശശി അച്ചടക്ക നടപടിയെത്തുടര്‍ന്ന് സകല പദവിയും നഷ്ടപ്പെട്ട് കരുത്തില്ലാതെയായി. തിരുത്തൽ ശക്തിയായി രംഗത്ത് വന്ന എൻ.എൻ. കൃഷ്ണദാസ് ഉപതിരഞ്ഞെടുപ്പ് സമയത്തെ പെട്ടി വിവാദത്തിൽ പാര്‍ട്ടിയുടെ താക്കീതിൽ ഒതുങ്ങി. ഔദ്യോഗിക വിഭാഗത്തിന് തർക്കങ്ങളില്ലാതെ ജില്ലാ സമ്മേളനത്തിലേക്ക് നീങ്ങാം.  

കൊഴിഞ്ഞാമ്പാറയിലെ വിമതരെ പാർട്ടി തഴയില്ലെന്ന സന്ദേശം കിട്ടിയതോടെ അവിടെയും നില ഭദ്രം. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽവിയും പ്രചരണത്തില്‍ ചര്‍ച്ചയായ വിഷയങ്ങളിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിൻ്റെ പിന്തുണയുള്ളതിനാൽ ജില്ലാ കമ്മിറ്റിക്ക് പ്രതിസന്ധിയുണ്ടാവില്ല. ജില്ലാ സമ്മേളനം നടക്കുന്ന വേദി നിലംനികത്തിയാണെന്ന ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് നേതൃത്വം.

ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 409 പ്രതിനിധികൾ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. തത്തമംഗലത്ത്‌ ചൊവ്വാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വ്യാഴാഴ്ച‌ വൈകീട്ട്‌ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടകനാവും.  

ENGLISH SUMMARY:

relief-for-cpm-palakkad-district-meeting-without-sectarianism