kala-raju

പാര്‍ട്ടി മാറാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് കൂത്താട്ടുകുളത്തെ സിപിഎം കൗണ്‍സിലര്‍ കല രാജു. എന്നെ തെറ്റിദ്ധരിച്ചു. ​മുഖ്യമന്ത്രി പറയുന്നതുപോലെ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശ്യമില്ല. ഇന്നലെ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ല. ഉപദ്രവിച്ചരെ അറസ്റ്റ് ചെയ്യണം. ഓഫീസിനുള്ളിലെ കൂടുതല്‍ ദൃശ്യങ്ങള്‍ സി.പി.എം പുറത്തുവിടട്ടെയെന്നും കലാ രാജു മനോരമ ന്യൂസിനോട് പറഞ്ഞു.

 

അതേസമയം, കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലരാജുവിനെ തട്ടിക്കൊണ്ട് പോയ കേസിലെ ആദ്യ മൂന്ന് പ്രതികളെയും അണി നിരത്തി സിപിഎം ഇന്നലെ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. തട്ടിക്കൊണ്ട് പോകലിൽ പാർട്ടിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. അക്രമിക്കാനായിരുന്നു ഉദ്ദേശമെങ്കിൽ ഒരു കോൺഗ്രസ് പ്രവർത്തകനും രണ്ട് കാലിൽ കൂത്താട്ടുകുളം വിട്ട് പോകില്ലെന്നായിരുന്നു ഏരിയ സെക്രട്ടറി പി.ബി.രതീഷിന്‍റെ ഭീഷണി

കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലരാജുവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിരോധത്തിലായതോടെയാണ് സിപിഎം രാഷ്ട്രീയ നയ വിശദീകരണ യോഗം സംഘടിപ്പിച്ചത്. കേസിലെ ആദ്യ മൂന്ന് പ്രതികളായ ഏരിയ സെക്രട്ടറി, നഗരസഭ അധ്യക്ഷ, ഉപാധ്യക്ഷൻ എന്നിവരെ അണി നിരത്തി ആയിരുന്നു യോഗം. അനൂപ് ജേക്കബ് എംഎൽഎ യുടെ നേതൃത്വത്തിലാണ് നഗരസഭാ ഓഫിസിന് മുന്നിൽ സംഘർഷം ഉണ്ടാക്കിയതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. തട്ടിക്കൊണ്ട് പോകൽ കേസിൽ പാർട്ടിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്നും പ്രതികരണം. 

ആരെയും അക്രമിച്ചിട്ടില്ലെന്നും, ആക്രമിക്കാൻ ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ ഒരു കോൺഗ്രസ് പ്രവർത്തകനും കൂത്താട്ടുകളം വിട്ട് പോകില്ലായിരുന്നു എന്ന് ഏരിയ സെക്രട്ടറി പി ബി രതീഷും പറഞ്ഞു. കൂത്താട്ടുകുളത്തെ പോലീസുകാർക്കുമുണ്ട്  വിമർശനം. അറസ്റ്റിലായ കൂത്താട്ടുകുളം ചെള്ളക്കാപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, സിപിഎം പ്രവർത്തകരായ ടോണി ബേബി, റിൻസ് വർഗീസ്, സജിത്ത് എബ്രഹാം എന്നിവരെ കോടതി റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

Kala Raju, the CPM councilor from Koottattukulam, denied any intention to switch parties, asserting that she has been wrongly accused. She also stated that she has no plans to resign from her position as a councilor, as suggested by the Chief Minister. Raju expressed that those arrested yesterday were not the real culprits and called for the arrest of the actual troublemakers. She further requested the CPM to release more footage from inside the office.