പെരിയ കേസ് പ്രതികളെ പി.ജയരാജൻ സന്ദർശിച്ചതിനെ നിയമസഭയില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയക്കാര്‍ ജയിലിൽ എത്തുമ്പോൾ നേതാക്കൾ സന്ദർശിക്കുന്നത് സാധാരണമാണ്. രാഷ്രീയക്കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അത് സാധ്യമാക്കാന്‍ എല്ലാ പാര്‍ട്ടികളും ദൃഢനിശ്ചയത്തോടെ നിലപാട് എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനുവരി അഞ്ചിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പെരിയ കേസ് പ്രതികള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയത്. പി. ജയരാജന്‍റെ നേതൃത്വത്തിലായിരുന്നു അഭിവാദ്യവും സ്വീകരണവും. ജയില്‍ പ്രതികളെ സന്ദര്‍ശിച്ച് പുസ്തകവും നല്‍കിയാണ് സിപിഎം സംസ്ഥാന സമിതി അംഗം മടങ്ങിയത്. സന്ദര്‍ശനത്തില്‍ ചോദ്യമുന്നയിച്ച മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധജ്വരമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജയിലില്‍ പോയ പ്രതികളുടെ വീട്ടില്‍ കാസര്‍കോട് ജില്ലാസെക്രട്ടറിയും കുഞ്ഞമ്പു എംഎല്‍എയും സന്ദര്‍ശനം നടത്തിയതും വിവാദമായിരുന്നു.