തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ഇടപെടൽ കേരളത്തിൽ അനുവദിക്കാത്തതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിക്കും വേണ്ട പരിഗണന നൽകുന്നില്ല എന്ന ആക്ഷേപമുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ മിഷൻ 63 ക്ക് അനുമതി നൽകിയിട്ടില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പു മുതൽ സുനിൽ കനുഗൊലുവിനെ അടുപ്പിക്കില്ല എന്ന സമീപനമാണ് വി.ഡി സതീശൻ പക്ഷം സ്വീകരിച്ച് വരുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞയാഴ്ച ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വം കനുഗൊലുവിനെ മാറ്റി നിർത്തിയ മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ പാർട്ടി പരാജയപ്പെട്ടെന്ന് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നു.
63 മണ്ഡലങ്ങളുടെ പട്ടിക പ്രതിപക്ഷ നേതാവ് തയാറാക്കിയത് എന്ത് പOനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ലന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. അതിനാൽത്തന്നെ മിഷൻ 63ക്ക് പിന്തുണയുമില്ല. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിക്ക് കേരള നേതാക്കൾ വേണ്ട പരിഗണന നൽകുന്നില്ല എന്ന പരാതിയും കേന്ദ്ര നേതൃത്വത്തിനുണ്ട്. കെ.സുധാകരനുമായി സഹകരിച്ച് പോവാനാവില്ല എന്ന വി.ഡി സതീശന്‍റെ നിലപാടിലും അതൃപ്തിയുണ്ട്. ദീപാ ദാസ് മുൻഷിയെ കണ്ട രമേശ് ചെന്നിത്തല ,ശശി തരൂർ ,കെ.മുരളീധരൻ എന്നിവർ സുധാകരനെ മാത്രമായി മാറ്റരുത് എന്ന നിലപാട് അറിയിച്ചു.