പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല സ്ഥാപിക്കുന്നത് സംബന്ധിച്ച കരാര്‍ ഉറപ്പിക്കാന്‍ ബിആര്‍എസ് നേതാവ് കെ.കവിത കേരളത്തിലെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് കവിത എത്തിയത്. അവര്‍ കേരളത്തില്‍ വന്നപ്പോള്‍ എവിടെയാണ് താമസിച്ചെതന്ന് അന്വേഷിക്കണം. ഇടപാടില്‍ അഴിമതി വ്യക്തമെന്നും മദ്യനിര്‍മാണശാല തുറക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മദ്യ ഇടപാടില്‍ ഉള്‍പ്പെട്ട ആളാണ് കവിത. അതുകൊണ്ടുതന്നെ ദുരൂഹമാണ് വരവെന്നും സതീശന്‍ വിശദീകരിച്ചു.
പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നും രമേശ് ചെന്നിത്തലയും ആരോപിച്ചു. മുന്‍പ് നായനാര്‍ സര്‍ക്കാര്‍ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയത് നടപടി ക്രമങ്ങള്‍ പാലിച്ചാണ്. അന്ന് പരസ്യം നല്‍കി അപേക്ഷ ക്ഷണിക്കുകയും ചുരുക്കപ്പട്ടിക തയ്യാറാക്കി തിരഞ്ഞെടുക്കുകയുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സഭയില്‍ നടത്തിയ അഴിമഴി ആരോപണത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയത് സിബിഐ അന്വേഷിക്കണമെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി ആവശ്യപ്പെട്ടു. അഴിമതിക്ക് മന്ത്രി എം.ബി.രാജേഷ് കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മദ്യനിര്‍മാണശാലയുടെ നടത്തിപ്പിന് കമ്പനിയെ തിരഞ്ഞെടുത്തതില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ജനാതാദള്‍ നേതൃയോഗത്തിലും രൂക്ഷവിമര്‍ശനമുയര്‍ന്നു. മന്ത്രിസഭായോഗത്തില്‍ വന്ന വിഷയം കൃത്യമായി മനസിലാക്കാന്‍ കഴിയാതിരുന്ന മന്ത്രിയെ മാറ്റണമെന്നുവരെ ആവശ്യമുയര്‍ന്നു. ഒന്‍പത് ജില്ലാ കമ്മിറ്റികളാണ് ഈ ആവശ്യം ഉന്നയിച്ചത്. മദ്യപ്ലാന്‍റ് അനുമതിയില്‍ ആര്‍.ജെ.ഡിയും വിയോജിപ്പ് അറിയിച്ചു. പാര്‍ട്ടിയുമായി ആലോചിക്കാത്തതിലെ വിയോജിപ്പ് സിപിഎമ്മിനെ അറിയിക്കാനും ധാരണയായി.