പി.വി.അന്‍വറിന്റെ പിന്തുണയോടെ വയനാട് പനമരം പഞ്ചായത്ത് ഭരണംപിടിച്ച് യു.ഡി.എഫ്. നിലമ്പൂർ എടക്കരയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമരജാഥയിൽ പങ്കെടുക്കാൻ യുഡിഎഫ് നേതാക്കൾക്കൊപ്പം പി.വി. അൻവറും എത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയും എം.എം ഹസനും അടക്കമുളള മുതിർന്ന യു.ഡി.എഫ് നേതാക്കളും അൻവറിനൊപ്പം വേദിയിലുണ്ടായിരുന്നു.
എല്‍.ഡി.എഫ് വിട്ട് പി.വി.അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പഞ്ചായത്തംഗം ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് പനമരം പഞ്ചായത്തിൽ യു.ഡി.എഫ് അധികാരം പിടിച്ചത്. 10നെതിരെ 12 വോട്ടുകൾക്ക് മുസ്ലിം ലീഗിലെ ലക്ഷ്മി ആലക്കമുറ്റം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് തറവാട്ടിലേക്ക് താൻ കടന്നു വരുന്നത് ഒരു സമ്മാനവുമായാണെന്ന് പി.വി. അന്‍വര്‍ പറഞ്ഞു.
വരാനിരിക്കുന്നത് യുഡിഎഫ് സർക്കാരാണന്നും അധികാരത്തിൽ വരുമ്പോള്‍ മനുഷ്യനെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലുന്ന നിയമം നടപ്പാക്കണമെന്നും വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര ജാഥയിൽ പി വി അൻവർ പറഞ്ഞു. മലയോര സമര ജാഥയിൽ പങ്കെടുക്കാൻ പി.വി അൻവർ എത്തിയതിൽ സന്തോഷം പ്രതിപക്ഷ നേതാവ് പങ്കുവച്ച്. തിരഞ്ഞെടുപ്പ് അടക്കമുള്ള മറ്റു കാര്യങ്ങളിൽ അൻവറുമായി സഹകരിക്കുന്നത് പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും യു.ഡി.എഫ് നേതൃത്വം വേദിയിൽ പറഞ്ഞു.