ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് സി.പി.എം. സമരം അരാജക സംഘടനകളുടേതെന്ന് എളമരം കരീമിന്‍റെ ലേഖനം. പാട്ടപ്പിരിവ് സംഘങ്ങളാണ് സമരത്തിന് പിന്നിലെന്നും ആക്ഷേപം. അധിക്ഷേപിച്ച് പിന്മാറ്റാമെന്ന് നോക്കേണ്ടെന്ന് സമരക്കാരുടെ മറുപടി. സമരത്തെ പിന്തുണച്ച് സി.പി.ഐ നേതാവ് ആനി രാജ രംഗത്തെത്തി. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം 15ാം ദിവസത്തിലക്ക് കടന്നു.
ചെങ്ങറ, പെമ്പിളൈ ഒരുമൈ ഉള്‍പ്പെടെയുള്ള ജനകീയ സമരങ്ങളെ അധിക്ഷേപിച്ച ചരിത്രം സിപി.എം ആശാവര്‍ക്കര്‍മാരുടെ സമരത്തിലും ആവര്‍ത്തിക്കുന്നു. ഇത്തവണ ആ പണി ഏറ്റെടുത്തിരിക്കുന്നത് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗവും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ എളമരം കരീം. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജക സംഘടനകളാണെന്നും ഇവരുടെ കെണിയില്‍ അകപ്പെട്ടവരാണ് സമരം നടത്തുന്നതെന്നും കരീം ദേശാഭിമാനിയിലെ ലേഖനത്തില്‍ ആരോപിച്ചു. തൊഴിലാളി സംഘടനകളെ അധിക്ഷേപിച്ച പെമ്പിളൈ ഒരുമൈ സമരത്തിന് തുല്യമാണ് ആശാ സമരമെന്നും ലേഖനത്തില്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും കരീം അധിക്ഷേപം ചൊരിഞ്ഞു.
സ്വയം അപഹാസ്യരാകരുതെന്ന് കരീമനോടും സിപിഎമ്മിനോടും സമരക്കാര്‍. സമരത്തെക്കുറിച്ചുള്ള നിലപാടില്‍ ഇടതുമുന്നണിയിലെ ഭിന്നത ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായിരുന്നു സി.പി.ഐ നേതാവ് ആനി രാജയുടെ പ്രതികരണം. പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരത്തിനുള്ള പിന്തുണ ഏറി വരികയാണ്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് വനിത ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ ഇന്ന് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തി. സമരക്കാര്‍ക്ക് ആവേശമായി നടി രഞ്ജിനിയും എത്തി.