കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖ പ്രയാണം ആലപ്പുഴ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ചു. എല്ലാ മേഖലകളെയും തകർക്കുന്ന സമീപനമാണ് കേരളത്തിലെ പ്രതിപക്ഷത്തിനുള്ളതെന്ന് ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്ത് സിപിഎം പി.ബി അംഗം എ.വിജയരാഘവൻ പറഞ്ഞു.
'കൊച്ചിയിൽ നടന്ന വ്യവസായ സംഗമത്തെക്കുറിച്ച് പല നുണകഥകൾ അഴിച്ചുവിട്ടെങ്കിലും കേരളം വളർന്നെന്ന് പ്രതിപക്ഷത്തിനും മനസിലാകുന്ന രീതിയിലാണ് സമ്മേളനം അവസാനിച്ചത്. സ്വാതന്ത്ര്യത്തിന് മുമ്പ് വെള്ളക്കാർ ഇന്ത്യക്കാരുടെ കൈകാലുകളില്‍ അണിയിച്ച വിലങ്ങുകള്‍ പുന്നപ്ര-വയലാർ സമരസേനാനികൾ പൊട്ടിച്ചെറിഞ്ഞു.’ വെള്ളക്കാർ ഇന്ത്യക്കാരെ വിലങ്ങണിയിക്കാൻ മോദിസർക്കാർ കൂട്ടുനിന്നത് ഇപ്പോൾ കാണേണ്ടിവന്നുവെന്നും വിജയരാഘവൻ പറഞ്ഞു.
ജാഥാ ക്യാപ്റ്റൻ പി.കെ.ബിജു ദീപശിഖ ഏറ്റുവാങ്ങി. ഇന്നും നാളെയും ആലപ്പുഴ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ദീപശിഖയ്ക്ക് സ്വീകരണം നൽകും. ബുധനാഴ്ച വൈകിട്ട് കൊല്ലത്തെ സമ്മേളന നഗരിയിൽ ദീപശിഖ എത്തും.