പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരായ വിമര്‍ശനങ്ങള്‍ മനസ്സിലാക്കി തിരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാര്‍ട്ടിയില്‍ ഒരു നവീകരണപ്രക്രിയയാണ് നടക്കുന്നത്. വിമര്‍ശനങ്ങളെ അതിന്റെ ഭാഗമായാണ് കാണുന്നത്. പി.പി.ദിവ്യയുടെ കാര്യത്തില്‍ പാര്‍ട്ടി ശരിയായ നിലപാടാണെടുത്തത്. തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും സംസ്ഥാന സമ്മേളനത്തിലെ മറുപടിപ്രസംഗത്തില്‍ എം.വി.ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിനായി പുതുവഴി വികസനരേഖയ്ക്ക് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൂർണ പിന്തുണ. ആശങ്കയൊഴിവാക്കണമെന്നും വ്യക്തത വേണമെന്നും ചില പ്രതിനിധികൾ പറഞ്ഞതുമാറ്റി നിർത്തിയാൽ, ചർച്ചയിൽ കാര്യമായ വിമർശനങ്ങളൊഴിഞ്ഞു നിന്നു. രേഖ ജനവിരുദ്ധമാകുമോ എന്ന സംശയം ചില അംഗങ്ങൾ ഉന്നയിച്ചെന്ന് സ്ഥിരികരിച്ച എം.വി. ഗോവിന്ദൻ, വിഭവ സമാഹരണത്തിനുള്ള വഴികൾ അന്തിമമാക്കിയിട്ടില്ലെന്നും പറഞ്ഞു.
രേഖയിൽ വിശാല ചർച്ചയാണ് നടന്നത്. രേഖയിലെ സെസ്, ഫീസ്, സംബന്ധിച്ച കാര്യങ്ങളിലും, സ്വകാര്യ മൂലധനവിഷയത്തിലും മാത്രമാണ് കോഴിക്കോട് ജില്ലാ കമ്മറ്റിയിൽ നിന്നുൾപ്പെടെ ചില സംശയങ്ങൾ ഉയർന്നത്. വികസത്തിനും, ധനസമാഹരണത്തിനും രേഖാനിർദേശങ്ങൾ നടപ്പാക്കണമെന്ന് ഭൂരിപക്ഷ പ്രതിനിധികളും അഭിപ്രായപ്പെട്ടു. ജനവിരുദ്ധമായി ഒന്നും നടപ്പാക്കില്ലെന്നും പൊതുമേഖലയെ വിൽക്കാൻ ഉദ്യേശിക്കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.