udf-strategy-cp-john-palakkad-bypoll

ബി.ജെ.പിക്കെതിരെ ഉറച്ചുനില്‍ക്കുന്നവരെ എസ്.ഡി.പി.ഐ ആയാലും ജമാ അത്തെ ഇസ്മാമി ആയാലും ഓടിച്ചുവിടേണ്ട കാര്യം യു.ഡി.എഫിന് ഇല്ലെന്ന് യു.ഡി.എഫ് സെക്രട്ടറി സി.പി.ജോണ്‍.  പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് വേണ്ടെന്നു വച്ചിട്ടില്ല. വര്‍ഗീയതയെ എതിര്‍ക്കുന്നവരെയെല്ലാം കൂടെ നിര്‍ത്തിയില്ലെങ്കില്‍ രാജ്യം ഫാസിസത്തിലേക്കു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മനോരമ ന്യൂസ് നേരേചൊവ്വേയിലായിരുന്നു സി.പി.ജോണിന്‍റെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ന്യൂനപക്ഷവോട്ടുകള്‍ വളരെ ആവശ്യമാണ്.  എന്നാല്‍ അതു മാത്രം മതിയാവില്ല.  ഹിന്ദു ഒ.ബി.സി വിഭാഗങ്ങളെയും ബി.ഡി.ജെ.എസ് പോലത്തെ കക്ഷികളെയും ചേര്‍ത്തുനിര്‍ത്തി യു.ഡി.എഫിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സി.പി.ജോണ്‍ സൂചിപ്പിച്ചു.

‘കോണ്‍ഗ്രസിലെ നേതാക്കള്‍ മുഖ്യമന്ത്രി ആകാനല്ല, മുഖ്യമന്ത്രിയെ ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്.  ഡെക്കോറം മലയാളിക്ക് വളരെ പ്രധാനമാണ്.  മൊത്തത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഈ വൃത്തി വേണമെന്നാണ് തെരുവില്‍ നില്‍ക്കുന്ന യു.ഡി.എഫ് അനുയായിപോലും ആഗ്രഹിക്കുന്നത്.  അതുകൊണ്ട് ഡെക്കോറം ഡെഫിസിറ്റ് ഉണ്ടാവാതെ നോക്കണം.’

ശശി തരൂരിന്‍റെ നിഷ്‍പക്ഷ സമീപനം അധാര്‍മികമാണെന്ന നിലപാടാണ് സി.പി.ജോണിന്.  സ്വന്തം ടീം അടിച്ച ഗോള്‍ ഓഫ്സൈഡാണെന്നു പറഞ്ഞ് നിഷ്‍പക്ഷനാവാന്‍ ആരും ശ്രമിക്കരുതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.