വീണാ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ച് എ.പത്മകുമാര്‍. ഉപരികമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് രാഷ്ട്രീയബോധവും സംഘടനാധാരണയും വേണമെന്ന് പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ലമെന്‍ററി രംഗത്തേക്ക് മാത്രമായി വന്നവരെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ല. വീണാജോര്‍ജ് പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ പറയേണ്ടത് പരസ്യമായി പറയേണ്ടിവന്നു. 66ാം വയസില്‍ ഞാന്‍ വിരമിക്കുന്നു. സിപിഎം വിടില്ലെന്നും പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുമെന്നും പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, പാര്‍ട്ടിയെ വെല്ലുവിളിച്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എ.പത്മകുമാറിനെതിരെ ഉടന്‍ സംഘടനാ നടപടി ഉണ്ടായേക്കും. പാര്‍ട്ടി വിടില്ലെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസും ബിജെപിയും വാതില്‍ തുറന്നിട്ടു കഴിഞ്ഞു. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതി സ്ഥിരം ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ ചൊടിപ്പിച്ചത്.
ചതി, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കി പത്രം ,ലാല്‍സലാം. എ.പത്മകുമാറിന്‍റെ ഈ പൊട്ടിത്തെറി അപ്രതീക്ഷിതമായിരുന്നു. അതിലും രൂക്ഷമായി ഫോണില്‍ പ്രതികരിച്ച പത്മകുമാര്‍ പാര്‍ട്ടിയെ പരിഹസിക്കുകയും ചെയ്തു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാതെ പാര്‍ലമെന്‍ററി പ്രവര്‍ത്തനം മാത്രമുള്ള വീണ ജോര്‍ജിനെ സംസ്ഥാനസമിതിയില്‍ എടുത്തു എന്നാണ് വിമര്‍ശനം. മറ്റ് ജില്ലാ നേതാക്കള്‍ക്കും വിയോജിപ്പുണ്ടെങ്കിലും ആരും പരസ്യപ്രതികരണത്തിന് തുനിഞ്ഞിട്ടില്ല.
42 വര്‍ഷമായി ജില്ലാക്കമ്മിറ്റിയംഗംവും 32 വര്‍ഷമായി സെക്രട്ടേറിയറ്റ് അംഗവുമാണ് മുന്‍ എംഎല്‍എ കൂടിയായ പത്മകുമാര്‍. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരംഗവുമായി സംഘര്‍ഷമായതാണ് അടുത്തിടെ ഉള്‍പ്പെട്ട വിവാദം. പത്മകുമാര്‍ സിപിഎം വിട്ടു വന്നാല്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയാറാണ്. എന്നാല്‍, സംഘര്‍ഷ ഭരിതമായ ശബരിമല യുവതീപ്രവേശകാലത്തെ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് കൂടിയാണ് പത്മകുമാര്‍. സ്വീകരിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയാകുമോ എന്ന് ബിജെപിക്ക് ആശങ്കയുമുണ്ട്.
അതേസമയം, എ.പത്മകുമാർ പാർട്ടിക്കൊരു പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയിൽ അപസ്വരങ്ങൾ ഇല്ലെന്നും എം.വി.ഗോവിന്ദൻ മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാനസമിതി തിരഞ്ഞെടുപ്പിലെ പത്മകുമാറിന്റെ വിമർശനത്തോടാണ് പ്രതികരണം. പാർട്ടിക്കകത്ത് വെല്ലുവിളി ഇല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.