സി.എൻ.മോഹനൻ CPM സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയതോടെ എറണാകുളത്ത് സി.പി.എമ്മിന് പുതിയ ജില്ലാ സെക്രട്ടറിയെത്തും. DYFI സംസ്ഥാന മുൻ പ്രസിഡന്റ് എസ്. സതീഷിന്റെ പേരാണ് ചർച്ചകളിൽ സജീവം. പാർട്ടി കോൺഗ്രസിന് ശേഷമാകും പുതിയ സെക്രട്ടറി.
പി. ആർ. മുരളീധരൻ, സി.ബി. ദേവദർശൻ എന്നീ പേരുകൾ ചർച്ചകളിൽ നിറയുന്നുണ്ടെങ്കിലും, പ്രഥമ പരിഗണന എസ്. സതീഷിനു തന്നെ. കോതമംഗലം അയ്യങ്കാവ് സ്വദേശീയായ സതീഷ് കഴിഞ്ഞ എറണാകളും സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് സി.പി.എം. സംസ്ഥാന സമിതിയിൽ എത്തിയത്. നിലവിലെ സെക്രട്ടറി സി.എൻ. മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതോടെയാണ് എറണാകുളത്ത് പുതിയ സെക്രട്ടറിയ്ക്ക് അവസരമൊരുങ്ങുന്നത്. മിതഭാഷിയും, എല്ലാവർക്കും സ്വീകാര്യനുമായ സതീഷ് വ്യവസായ ജില്ലയിൽ സെക്രട്ടറിയായെത്തുന്നതിനോട് എതിർപ്പുകളൊന്നുമില്ല. എന്നാൽ ഇന്നും വിഭാഗീയത പൂർണമായും വിട്ടൊഴിയാത്ത ജില്ലയിൽ എതിർപ്പുകളുണ്ടാകുമോ എന്ന് കണ്ടറിയാം. സി.എൻ മോഹനൻ, കേന്ദ്രമ്മറ്റി അംഗവും മന്ത്രിയുമായ പി.രജീവ് എന്നിവരുടെയൊക്കെ അഭിപ്രായമാകും നിർണായകമാവുക. പുതിയ സെക്രട്ടറി ഉടനുണ്ടാകുമെന്ന സി.എൻ. മോഹനന്‍റെ വാക്കുകളിൽ പുതിയ സെക്രട്ടറി താമസിക്കില്ല എന്ന ഉറപ്പുണ്ട്.
കോഴിക്കോട് സമ്മേളനത്തിലായിരുന്നു സതീഷ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. 45 തികയാത്ത സതീഷ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ജില്ലയിൽ പാർട്ടി അമരത്ത് അത് യുവ മുഖവുമാകും.