എം.വി.ജയരാജന്‍ CPM സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയതോടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയിലേക്ക് ആരെന്ന ചോദ്യം ഉയരുന്നു. ടി.വി രാജേഷിനും, കെ.കെ രാഗേഷിനും സാധ്യതകേളെറെയെന്നാണ് വിലയിരുത്തലെങ്കിലും, എം. പ്രകാശനും ജില്ലയിലെ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടേക്കാമെന്നാണ് സൂചന.
പി ജയരാജന്‍ 2019ല്‍ വടകരയില്‍ മത്സരിക്കാന്‍ പോയതോടെയാണ് എം.വി ജയരാജന്‍ താത്കാലികമായെങ്കിലും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. എന്നാല്‍, പി ജയരാജന്‍ വടകരയില്‍ തോറ്റെങ്കിലും എം.വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു. ആറു വര്‍ഷം പാര്‍ട്ടിയെ നയിച്ചാണ് ജില്ലയുടെ അമരത്തുനിന്ന് എം.വി ജയരാജന്‍ ഇറങ്ങുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഔദ്യോഗിക ചര്‍ച്ചയായില്ലെങ്കിലും സാധ്യതാ പട്ടികകളെ കുറിച്ചുള്ള അനൗദ്യോഗിക സംസാരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എം.വി ജയരാജന്‍ 2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് മുന്‍ എംഎല്‍എ ടി.വി രാജേഷായിരുന്നു. താത്കാലികമെങ്കിലും സെക്രട്ടറി പദവി വഹിച്ച അനുഭവപരിചയത്തിന്‍റെ മുന്‍തൂക്കം ടിവിആറിനുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ കെ.കെ രാഗേഷും യുവമുഖം വേണമെന്നാണ് തീരുമാനമെങ്കില്‍ പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കിയാല്‍ നേതാക്കന്മാരുടെ വിശ്വസ്തനായ എം പ്രകാശന് നറുക്ക് വീഴാം. പ്രകാശനെ ഈ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതും ജില്ലാ സെക്രട്ടറിയാക്കാന്‍ കൂടി ലക്ഷ്യമിട്ടാണെന്ന് കരുതപ്പെടുന്നുണ്ട്.
സിപിഎമ്മിന്‍റെ രാജ്യത്തെ ഏറ്റവും വലിയ യൂണിറ്റാണ് കണ്ണൂര്‍. അങ്ങനൊരു ജില്ലയില്‍ പാര്‍ട്ടിയെ നയിക്കുക വെല്ലുവിളി നിറഞ്ഞ ദൗത്യമെന്നതില്‍ സംശയം വേണ്ട. മാത്രമല്ല, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാര്‍ ഭാവിയില്‍ സംസ്ഥാനതലത്തില്‍ ഉന്നതപദവികളിലെത്തുന്നത് കൂടി കണക്കിലെടുത്തായിരിക്കും സെക്രട്ടറിയെ തീരുമാനിക്കുക