ബിജെപി സംസ്ഥാന അധ്യക്ഷനാകാനുള്ള സാധ്യതകൾ തള്ളാതെ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വൈകാതെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനിരിക്കെയാണ് തനിക്കും സാധ്യതയുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ മനോരമ ന്യൂസിനോട് പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖർ അടുത്തിടെ കേരളത്തിൽ സജീവമായിരിക്കുകയാണ്. മാസത്തിൽ അഞ്ചും ആറും ദിവസം തലസ്ഥാനത്തുള്ള രാജീവ് ചന്ദ്രശേഖർ നഗരത്തിൽ സ്വന്തം വസതിയും വാങ്ങിയിട്ടുണ്ട്. തനിക്ക് വോട്ട് ചെയ്തവരെ കാണാൻ വരുന്നു എന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്.
കെ സുരേന്ദ്രൻ ഒഴിഞ്ഞാൽ രാജീവ് ചന്ദ്രശേഖറാവും അധ്യക്ഷനാവുമെന്നുള്ള സൂചനകൾ ശക്തമാണ്. ഇത് നിഷേധിക്കാതെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. അധ്യക്ഷ പദവിയിലേക്കെത്തിയാൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമാണ് രാജീവ് ചന്ദ്രശേഖറിന് നിർണായകമാകുക. തിരുവനന്തപുരത്തെ ഒരു പ്രധാന മണ്ഡലത്തിൽ രാജീവ് മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.