എ, ഐ ഗ്രൂപ്പുകൾ പരസ്പരം പോരടിച്ച് നിന്ന രണ്ടായിരത്തിന്റെ തുടക്കത്തിൽ ഒരിക്കൽ കെ. കരുണാകരനോട് മാധ്യമപ്രവർത്തകർ ഗ്രൂപ്പുകളെ കുറിച്ച് രണ്ട് ചോദ്യം എറിഞ്ഞു."എ ഗ്രൂപ്പ് ശക്തമാവുകയാണോ?"

"എ സിനിമാ പോസ്റ്ററിൽ അല്ലേയുള്ളൂ?" എന്നായിരുന്നു ലീഡറുടെ മറുപടി. "എ, ഐ ഗ്രൂപ്പുകൾ എന്നെങ്കിലും ഒന്നിക്കുമോ?" എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ലീഡറുടെ മറുപടി ഏറെ രസകരമായിരുന്നു. "ഐയും എയും ഒന്നിച്ചാൽ എന്തായിരിക്കും? അത് ഐ.എ ആകില്ലേ?"

മാധ്യമപ്രവർത്തകർ പൊട്ടിച്ചിരിച്ചു. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. ഇന്നും എ, ഐ ഗ്രൂപ്പുകൾ പല പരിണാമങ്ങളായി സംസ്ഥാന കോൺഗ്രസിലുണ്ട്. പക്ഷേ, കാലം മാറി, സാങ്കേതിക വിദ്യ എ.ഐയിലേക്കാണ് ചുറ്റിത്തിരിയുന്നത്. ഈ പശ്ചാത്തലത്തിൽ സ്വന്തം എ, ഐ ഗ്രൂപ്പുകാരെ എ.ഐ പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കെ.പി.സി.സി.

കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡൻ്റുമാരുടെയും നാളെ ചേരുന്ന മാസാവലോകന യോഗത്തിൽ എ.ഐ പാഠ്യപദ്ധതിയും ഭാഗമാവുകയാണ്. കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷം വൈകിട്ട് എ.ഐ ക്ലാസ് ഉണ്ടാകും. ശാസ്ത്ര വേദിയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. യോഗം കഴിഞ്ഞാലുടൻ എ.ഐ ക്ലാസ് തുടങ്ങും. "ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണം, മുങ്ങരുത്" എന്ന പ്രത്യേക നിർദ്ദേശവും നേതാക്കൾക്ക് നൽകിയിട്ടുണ്ട്.

എം.വി. ഗോവിന്ദനും സി.പി.എം-ഉം "എ.ഐ മുതലാളിത്തത്തിൻ്റെ ഉപകരണം" എന്ന് പറഞ്ഞ് തള്ളുമ്പോഴാണ് കെ.പി.സി.സി എ.ഐ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ക്ലാസ് സംഘടിപ്പിക്കുന്ന കാര്യം കെ.പി.സി.സി നേതൃത്വം മുതിർന്ന നേതാവായ എ.കെ. ആന്റണിയെ അറിയിച്ചപ്പോൾ, അദ്ദേഹവും പച്ചക്കൊടി കാട്ടി. "അനിവാര്യമായ പരിശീലനം" എന്നതാണ് ആന്റണിയുടെ നിലപാട്.

എന്തൊക്കെ പഠിപ്പിക്കും?

  • എങ്ങനെ പത്രക്കുറിപ്പ് തയ്യാറാക്കാം?
  • നിയമങ്ങളെയും ബില്ലുകളെയും എങ്ങനെ ലളിതമായി പഠിക്കാം?
  • പ്രചാരണ വിഡിയോകളും കാർട്ടൂണുകളും എങ്ങനെ തയ്യാറാക്കാം?
  • ടി.വി. ചർച്ചകളിൽ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കാം?
  • തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പഠിക്കാൻ എങ്ങനെ എ.ഐയെ ഉപയോഗിക്കാം?
  • എ.ഐയിൽ അമേരിക്കയെ ചൈന മറികടന്നോ?
  • എ.ഐ സോഷ്യലിസം നടപ്പാക്കുമോ?
  • ചാറ്റ്‌ജി.പി.ടി, മെറ്റ, ഡീപ്‌സീക്ക്, ഗ്രോക്ക് എന്നിവ എന്താണ്?
  • ഗൂഗിളിലും ചാറ്റ്‌ജി.പി.ടി-യിലും ഉള്ള വ്യത്യാസം എന്താണ്?
  • എ.ഐയ്ക്ക് മനസ്സ് വായിക്കാൻ കഴിയുമോ?

 തുടങ്ങിയ വിഷയങ്ങൾ പ്രത്യേക പവർ പോയിൻ്റ് പ്രസൻ്റേഷനും പരിശീലനത്തിൻ്റെ ഭാഗമായുണ്ട്.

ENGLISH SUMMARY:

The KPCC has decided to train its A and I group members in Artificial Intelligence (AI). In the upcoming monthly review meeting, AI training will be part of the agenda, followed by a dedicated session. The training will cover press release writing, studying laws, creating campaign videos, election strategies, and AI-related global developments. Senior leader A.K. Antony has endorsed the initiative, emphasizing its necessity.