ഭിന്ന രാഷ്ട്രീയമുള്ളവർ പരസ്പരം കണ്ടാൽ ഉരുകിപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഡൽഹിയിൽ ഗവർണറുടെ സാന്നിധ്യത്തിൽ ധനമന്ത്രി നിർമ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹത ആരോപിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഗവർണർ ബിജെപിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച ചെന്നിത്തല, നിർമ്മല സിതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ധനാഭ്യർത്ഥന ചർച്ചക്കിടെയായിരുന്നു രമേശ് ചെന്നിത്തല നിർമ്മലാ സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ദുരൂഹത ആരോപിച്ചത്. കേരളത്തിൽ ബിജെപിയുമായി കൈകോർക്കുന്നതിന്റെ റിഹേഴ്സൽ ആയിരുന്നു ഡൽഹിയിൽ നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഗവർണർ ഇട്ട പാലത്തിലൂടെ അങ്ങോട്ട് പോയതല്ലെന്നും നാടിനെ ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങളാണ് കൂടിക്കാഴ്ചയിൽ സംസാരിച്ചതെന്നും അതൊരു സാധാരണ ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗ് മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി മറുപടി നൽകി. വർഗീയശക്തികൾക്ക് തരാതരം പോലെ വഴങ്ങി കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തിൽ ഭരണം നിലനിർത്തുന്നതുമായ സംവിധാനമല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാളയാർ കേസിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കൊണ്ട് നടന്ന ആൾ തന്നെ പ്രതിയായി വന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രത്യേകമായ ഒരു കേസിൽ പെട്ടവർക്ക് പരോൾ അനുവദിക്കില്ല എന്ന നിലപാട് സർക്കാരിനില്ല എന്നതായിരുന്നു ടി പി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ദീർഘകാലത്തെ പരോൾ അനുവദിച്ചത്തിനെതിരെയുള്ള കെ കെ രമയുടെ ആരോപണത്തിന് മറുപടി.