ബിജെപി സംസ്ഥാന സമിതി പുനഃസംഘടന ഉടന്‍ ഉണ്ടാകും. ചുമതലയേറ്റയുടന്‍ തന്നെ കര്‍മപരിപാടികളിലേക്ക് കടന്ന സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍ഗ്രൂപ്പ് നേതാക്കളുമായി കൂടിയാലോചന നടത്തി. തുടര്‍ന്ന് രാത്രിതന്നെ സംസ്ഥാന ആസ്ഥാനമായ മാര്‍ജി ഭവനില്‍ പ്രസിഡന്റിന്റെ ഓഫിസിലെത്തി.
പല നേതാക്കളോടും ഗ്രൂപ്പുകളോടും കൂറുപുലര്‍ത്തുന്ന കേരളത്തിലെ ബിജെപിയെ ഒന്നാകെ ചലിപ്പിക്കുകയെന്നതാണ് രാജീവ് ചന്ദ്രശേഖറിന് മുന്നിലെ ആദ്യ ദൗത്യം. പതിനാലില്‍ നിന്ന് 30 ലേക്ക് ഉയര്‍ന്ന ജില്ലാ അധ്യക്ഷന്മാരുമായി തുടര്‍ചര്‍ച്ചകളാണ് അടുത്ത ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിന് ബൂത്തുസമിതികളെ സജ്ജമാക്കാന്‍ അധികം സമയമില്ലെന്നും അദ്ദേഹം തിരിച്ചറിയുന്നു.
ബിജെപി പ്രതിനിധി സമ്മേളനത്തില്‍ത്തന്നെ കെ. സുരേന്ദ്രനില്‍ നിന്ന് ഔദ്യോഗിക രേഖകള്‍ ഏറ്റുവാങ്ങി ചുമതലയേറ്റിരുന്നു. അതിന് ശേഷം ചേര്‍ന്ന കോര്‍കമ്മിറ്റിയോഗം ഒരുമണിക്കൂറിലേറെ നീണ്ടു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടു. ഇനി കേരളത്തില്‍ത്തന്നെയുണ്ടാകുമെന്ന് അദ്ദേഹം മനോരമ ന്യസിനോട് വ്യക്തമാക്കി.
രാത്രിയോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷന്‍ മാരാര്‍ജി ഭവനില്‍ എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വീകരിച്ച മാതൃകയില്‍ പ്രഫഷണല്‍ ടീം രൂപീകരിക്കുകയാണ് അടുത്തപടി. അതോടൊപ്പം സംസ്ഥാന സമിതി പുനഃസംഘടയും വൈകാതെയുണ്ടാകും.
ബിജെപിയെ നയിക്കാനിറങ്ങിയ രാജീവ് ചന്ദ്രശേഖരന്‍റെ ആദ്യ ലക്ഷ്യം തിരുവനന്തപുരം കോര്‍പ്പറേഷന്‍. ഭരണം പിടിക്കാന്‍ മിഷന്‍ 72 മായി രംഗത്തിറങ്ങാന്‍ ആലോചന. ലോക്സഭ തിരഞ്ഞെടുപ്പില്‍ നഗരം കൂടെ നിന്നപ്പോഴും അടുപ്പം കാണിക്കാതിരുന്ന തീരദേശ വോട്ടുകളെ ആകര്‍ഷിക്കുക വെല്ലുവിളിയാവും. തലസ്ഥാനം പിടിക്കാന്‍ കൃത്യമായ പദ്ധതിയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
വികസന സങ്കല്‍പം പവര്‍പോയിന്‍റ് പ്രസന്‍റേഷനായി അവതരിപ്പിച്ചായിരുന്നു ലോക്സഭയില്‍ തിരുവനന്തപുരത്ത് രാജീവ് അങ്കംകുറിച്ചത്. പരാജയപ്പെട്ടെങ്കിലും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ശശി തരൂരിനെ മറികടന്ന് ലീഡ് നേടിയത് വികസനവാദം സ്വീകരിക്കപ്പെട്ടതിന്‍റെ തെളിവായി രാജീവ് ക്യാംപ് കരുതുന്നു.
അതിനാല്‍ തട്ടകമായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പോരാട്ടമാണ് രാജീവിന്‍റെ ആദ്യ അഗ്നിപരീക്ഷണം. തരൂരിനോട് തോറ്റപ്പോഴും കോര്‍പ്പറേഷനിലെ 100ല്‍ 72 വാര്‍ഡില്‍ രാജീവായിരുന്നു ഒന്നാമത്. ആ 72 വാര്‍ഡുകള്‍ ലക്ഷ്യമിട്ട് പ്രചാരണതന്ത്രം ആവിഷ്കരിക്കും. 10 വാര്‍ഡില്‍ രണ്ടാമതെത്തി. ഇവിടെ പ്രത്യേക പരിഗണനയും നല്‍കും.
ഭരിക്കാന്‍ 50 ഇടത്ത് ജയിക്കേണ്ട തിരുവനന്തപുരത്ത് ഇപ്പോള്‍ 36 വാര്‍ഡാണ് ബിജെപിക്ക്. ബാക്കി 14 എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് വെല്ലുവിളി. സ്വാധീനമേഖലയായ നേമത്തും വട്ടിയൂര്‍ക്കാവിലും ഇപ്പോള്‍ തന്നെ പകുതിയോളം വാര്‍ഡ് നേടിയിട്ടുണ്ട്. അതിനാല്‍ തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ നിന്ന് കൂടുതല്‍ കണ്ടെത്തണം. 16 തീരദേശ വാര്‍ഡില്‍ ആറെണ്ണമെങ്കിലും ജയിക്കാതെ അത് നടക്കില്ല.
നഗരത്തില്‍ മുന്നേറിയിട്ടും ലോക്സഭയിലെ തോല്‍വിക്ക് കാരണം ലത്തീന്‍ സഭയും തീരവും മുഖംതിരിച്ചതാണ്. അവരില്ലാതെ കോര്‍പ്പറേഷനും കിട്ടില്ലെന്ന് ഉറപ്പായതിനാല്‍ നഗരത്തിന്‍റെ സ്വീകാര്യത നിലനിര്‍ത്തുന്നതിനൊപ്പം തീരത്തിന്‍റെ വിശ്വാസം പിടിച്ചുവാങ്ങുകയാവും ആദ്യ കടമ്പ.