കറുപ്പു നിറത്തെയും സ്ത്രീ ജീവിതത്തെയും കുറിച്ച് തുറന്നെഴുതി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. കറുപ്പുനിറത്തെ സ്വന്തം എന്ന നിലയിൽ ചേർത്ത് പിടിക്കുന്നു എന്നു പറഞ്ഞ് ആരംഭിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലാണ് നിറം മുതൽ പ്രവർത്തനത്തിൽ വരെ ഒരു സ്ത്രീ നേരിടുന്ന വിമർശനങ്ങളെയും താരതമ്യപ്പെടുത്തലിനെയും കുറിച്ച് പറയുന്നത്. നിറം മുൻനിറുത്തിയുള്ള അധിക്ഷേപം നേരിട്ട് കേൾക്കേണ്ടി വന്നതാണ് തുറന്നെഴുത്തിന് കാരണമായത്.
ചീഫ് സെക്രട്ടറി എന്ന നിലയുള്ള ശാരദയുടെ പ്രവർത്തനം "കറുത്തത്" എന്നു പറയുന്ന അധിക്ഷേപം കേട്ടു. മുൻ ചീഫ് സെക്രട്ടറിയും ശാരദയുടെ ഭർത്താവുമായ ഡോ.വി. വേണുവിന്റെ പ്രവർത്തനം വെളുത്തതെന്നും അതേവ്യക്തി പറയുന്നത് കേട്ടു. വിഷമം തോന്നി എന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്.
കഴിഞ്ഞ ഏഴു മാസമായി ഭർത്താവുമായി താരതമ്യം ചെയ്യപ്പെടുന്നു. സ്ത്രീ ആയതാണ് ഇതിനെല്ലാം കാരണം എന്നും ശാരദാ മുരളീധരൻ കുറിക്കുന്നു. നിരന്തരം പല അർഥത്തിൽ കറുപ്പെന്ന് ലേബൽ ചെയ്യപ്പെടുകയാണ്. 50 വർഷമായി ഇതുകേൾക്കുന്നു എന്നും അവർ പറയുന്നു. മക്കളാണ് കറുപ്പ് മോശം നിറമെന്ന പ്രതീതി മാറ്റിയത്. കറുപ്പ് ഗംഭീര നിറം എന്ന് അവർ പറഞ്ഞു. പോസ്റ്റിന് കീഴിൽ ഐക്യദാർഠ്യവുമായി അനേകം പ്രതികരണങ്ങളുമുണ്ട്.