ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയതോടെ കൊടകര കുഴല്‍പ്പണക്കേസ് സിപിഎമ്മിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ്. ബി.ജെ.പിയും സി.പി.എമ്മും പരസ്പരം കേസുകള്‍ ഇല്ലാതാക്കി തീര്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കച്ചവടമെന്ന് ഷാഫി പറമ്പിലും ആക്ഷേപിച്ചു. പൊലീസ് കണ്ടെത്തല്‍ ഇ.ഡി തള്ളിയതോടെ സി.പി.എമ്മിനേറ്റ തിരിച്ചടിയില്‍ പാര്‍ട്ടിക്ക് ഇനി പ്രതിരോധം കണ്ടത്തേണ്ടി വരും.
കൊടകരയില്‍ തട്ടിയെടുക്കപ്പെട്ടത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി കൊണ്ടുവന്ന കുഴപ്പണമാണെന്ന പൊലീസിന്‍റെ കണ്ടെത്തലാണ് ഇ.ഡി തള്ളിയത്. തിരൂര്‍ സതീശിന്‍റെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കി തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇഡിക്ക് കേസ് കൈമാറിയ സര്‍ക്കാരിന് നാണക്കേടായി. ഇതിനപ്പുറം ബി.ജെ.പി സി.പി.എം ഡീല്‍ എന്നുള്ള ആക്ഷേപമാണ് പാര്‍ട്ടി നേരിടാന്‍ പോകുന്നത്. കൊടകരക്ക് ഒപ്പം കരുവന്നൂരില്‍ സി.പി.എമ്മിനെ ഇ.ഡി സഹായിച്ചേക്കുമെന്ന് വി.ഡി സതീശന്‍ തുറന്നടിച്ചു
സോണിയയെയും രാഹുലിനെയും മണിക്കൂറുകള്‍ ചോദ്യംചെയ്ത ഇ.ഡി പിണറായിയെയും കെ.സുരേന്ദ്രനെയും തൊടില്ലെന്ന് ഷാഫി പറമ്പില്‍. ബി.ജെ.പി നേതാക്കളെ സഹായിക്കാന്‍ ഇ.ഡി പണത്തിന്‍റെ ഉറവിടം കൃത്യമായി അന്വേഷിച്ചില്ലെന്ന ആക്ഷേപമാവും സി.പി.എം ഉയര്‍ത്തുക. എന്നാല്‍ കേരള പൊലീസ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കൃത്യമായ എന്ത് കണ്ടെത്തിയെന്ന യു.ഡി.എഫ് ആക്ഷേപത്തിന് മറുപടി പറയുക ബുദ്ധമുട്ടാവും.