pk-shrimathi-defamation-case-bjp-leader-apology
  • ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ പി.കെ.ശ്രീമതി നൽകിയ പരാതിയിലാണ് ഒത്തുതീർപ്പ്
  • ഹൈക്കോടതിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ കേസ് അവസാനിച്ചു
  • ചാനൽ ചർച്ചകളിൽ വസ്തുതകൾ മനസിലാക്കാതെ അധിക്ഷേപം നടത്തരുതെന്ന് ശ്രീമതി

അപകീർത്തി കേസിൽ സിപിഎം നേതാവ് പി.കെ.ശ്രീമതിയോട് മാപ്പുപറഞ്ഞ് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. ചാനൽ ചർച്ചയിൽ ശ്രീമതിക്കും കുടുംബത്തിനും എതിരെ നടത്തിയ പരാമർശത്തിനെതിരെ ആയിരുന്നു പരാതി. ഹൈക്കോടതിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ കേസ് ഒത്തുതീർപ്പായി.

അങ്ങനെ ശ്രീമതിയും ഗോപാലകൃഷ്ണനും എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്സാക്കി. പക്ഷേ അതിന് ഹൈക്കോടതിയിൽ എത്തേണ്ടിവന്നു എന്ന് മാത്രം. പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ, ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേർന്ന് മരുന്നുകമ്പനി നടത്തിയെന്നും, ഈ കമ്പനിക്ക് സർക്കാർ ആശുപത്രികളിൽ മരുന്നുവിതരണം ചെയ്യാനുള്ള കരാർ നൽകിയെന്നും ഗോപാലകൃഷ്ണൻ ടെലിവിഷൻ ചർച്ചയിൽ ആരോപിച്ചിരുന്നു. 

അടിസ്ഥാനമായ ആരോപണം പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്ണന്, ശ്രീമതി നോട്ടിസ് അയച്ചിരുന്നു. ആവശ്യം ഗോപാലകൃഷ്ണൻ നിരാകരിച്ചതിനെ തുടർന്നാണ് കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഈ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ ഹൈക്കോടതിയിൽ എത്തി. ഒടുവിൽ ഇരുവരും മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.

എല്ലാം കോംപ്ലിമെൻസ് ആയെങ്കിലും പി.കെ.ശ്രീമതിക്ക് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവരോട് പി കെ ശ്രീമതിക്ക് ഒരു കാര്യം പറയാനുണ്ട്.വസ്തുതകൾ മനസിലാക്കാതെ വ്യക്തിപരമായി ചാനൽ ചർച്ചകളിൽ നടത്തുന്ന അധിക്ഷേപങ്ങൾ ഭൂഷണമല്ലെന്ന് പി.കെ.ശ്രീമതി പറഞ്ഞു.

ENGLISH SUMMARY:

BJP leader B. Gopalakrishnan issued a public apology to CPM leader P.K. Sreemathi in the Kerala High Court, settling a defamation case filed over his remarks in a TV debate. The case, initially filed in a magistrate court, was resolved through mediation after Gopalakrishnan withdrew his allegations.