എമ്പുരാന്‍ വിവാദത്തില്‍ ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ച് സുരേഷ് ഗോപി. ടി.പി 51 റിലീസ് ചെയ്യാനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റീ റിലീസിനും ധൈര്യമുണ്ടോയെന്നു സുരേഷ് ഗോപി ചോദിച്ചു. എമ്പുരാനിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ല. സിനിമയിലെ രംഗങ്ങള്‍ നീക്കിയത് അണിയറ പ്രവര്‍ത്തകരുടെ തീരുമാനമാണ്. നന്ദി കാര്‍ഡില്‍നിന്ന് എന്‍റെ പേര് മാറ്റാന്‍ ഞാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ കൈമാത്രമല്ല പൊള്ളിയത്, മറ്റ് പലതും പൊള്ളുമെന്നു മുനമ്പം വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിനോട് സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്ത് അറുനൂറോളം കുടുംബങ്ങളെ ചതിയില്‍പ്പെടുത്തിയെന്നും സുരേഷ് ഗോപി ആരോപിച്ചു.
പാര്‍ലമെന്റില്‍ സുരേഷ്ഗോപിയും ജോണ്‍ ബ്രിട്ടാസും നേര്‍ക്കുനേര്‍ വാക്ക്പോരാട്ടമായിരുന്നു കണ്ടത്. വഖഫ് ബിൽ ഭരണഘടനക്ക് എതിരെന്നും തങ്ങൾ ശക്തമായി എതിർക്കുന്നെന്നും ബ്രിട്ടാസ് പറഞ്ഞു. ജനങ്ങൾക്കിടയിൽ എല്ലാ വിധത്തിലും ഭിന്നിപ്പ് ഉണ്ടാക്കുകയാണ്. ഹോളി ആഘോഷത്തിനിടെ മോസ്കുകൾ മറച്ചു. കേരളത്തെ പരാമർശിച്ച കിരൺ റിജിജു കേരളത്തിലെ മതസൗഹാർദം കാണണം. ആറ്റുകാൽ പൊങ്കാല സമയത്ത് ക്രിസ്ത്യൻ മുസ്ലീം സമുദായങ്ങൾ വരിനിന്ന് പാനീയങ്ങൾ നൽകുകയായിരുന്നെന്നും ബ്രിട്ടാസ് ഓര്‍മിപ്പിച്ചു.