പാര്‍ട്ടി സമ്മേനങ്ങളിലെ മല്‍സരം വിലക്കി സി.പി.ഐ. സംസ്ഥാന നേതൃത്വം. ഔദ്യോഗിക പാനലിനെതിരെ മല്‍സരത്തിനിറങ്ങിയാല്‍ സമ്മേളനം സസ്പെന്‍ഡ് ചെയ്ത് വീണ്ടും നടത്തുമെന്ന പാര്‍ട്ടി സര്‍ക്കുലര്‍ ജില്ലാ നിര്‍വാഹകസമിതികളില്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുടെ നന്മയ്ക്കായി ചിലത് ചെയ്യുമെന്നും പാര്‍ട്ടിക്കകത്ത് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ വികാരം ശക്തമാകുന്നതിനിടെ വിഭാഗീയത ശക്തിപ്പെടാതിരിക്കാനാണ് സമ്മേളനങ്ങളില്‍ മല്‍സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ സമ്മേളനങ്ങളില്‍ പല ജില്ലകളിലും ഔദ്യോഗിക വിഭാഗം മല്‍സരിക്കാനിറങ്ങി വിമത ചേരിയെ വെട്ടിനിരത്തിയിരുന്നു. ഇത് ഇത്തവണ തിരിച്ചടിക്കുമോ എന്ന ഭയമാണ് മല്‍സരിക്കാനുള്ള വിലക്കിന് കാരണം. മല്‍സരിക്കാനിറങ്ങിയാല്‍ സമ്മേളനം തന്നെ ഉപേക്ഷിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ഭീഷണി. മല്‍സരിക്കാനുള്ള വിലക്ക് സ്ഥിരീകരിച്ച ബിനോയ് വിശ്വം പാര്‍ട്ടിയുടെ നന്‍മക്കായി ചിലത് ചെയ്യുമെന്ന് പ്രതകരിച്ചു
ലോക്കല്‍ സമ്മേളനങ്ങളാണ് സി.പി.ഐയില്‍ ഇപ്പോള്‍ നടക്കുന്നത്. സെപ്റ്റംബര്‍ 8 മുതല്‍ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ എടുത്ത നടപടി ഉള്‍പ്പടെ പാര്‍ട്ടി സമ്മേളങ്ങളില്‍ തിരിച്ചടിക്കുമെന്ന ഭയമാണ് കടുത്ത നടപടികള്‍ക്ക് പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.