k-sudakaran-kc-dcc-aicc

എഐസിസിയുടെ ഡിസിസി ശാക്തീകരണത്തിനൊപ്പം കേരളത്തിലും പുനഃസംഘടന. ശ്രമകരമായ ദൗത്യമെങ്കിലും പുനഃസംഘടന അനിവാര്യമെന്ന് കെ.സി വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു.  രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും പുനസംഘടന നീക്കത്തെ പിന്തുണച്ചപ്പോൾ കെ.സുധാകരൻ തള്ളി.

മാസങ്ങൾക്കു മുമ്പ് ആരംഭിച്ചെങ്കിലും അന്തിമ തീരുമാനത്തിലെത്താതെ നീണ്ടു പോവുകയാണ് കേരളത്തിലെ പുനസംഘടന. എഐസിസി സമ്മേളനത്തിനു മുൻപ് പൂർത്തിയാക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പടുക്കുന്ന സംസ്ഥാനങ്ങളിൽ എത്രയും പെട്ടെന്ന് പുനസംഘടന പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ പൊതുവികാരം. ശ്രമകരമെങ്കിലും കേരളത്തിൽ മാത്രമല്ല രാജ്യവ്യാപകമായി പുനസംഘടന നടത്തുമെന്ന് സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. നിയമഭ തിരഞ്ഞെടുപ്പിലേക്ക് േപാകുമ്പോൾ പാർട്ടിയെ കൂടുതൽ ചലനാത്മകമാക്കാൻ പുനസംഘടന അനിവാര്യമെന്നാണ് കേരള നേതാക്കളുടെയും പക്ഷം.

എഐസിസി സമ്മേളന ശേഷം ഓരോ സംസ്ഥാനത്തെയും സാഹചര്യം നോക്കി പുനസംഘടന നടത്തുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം പുനസംഘടനയെയും അധ്യക്ഷമാറ്റത്തെയും കെ സുധാകരൻ തള്ളി. പുനഃസംഘടന ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല.  എവിടെ നിന്നു കിട്ടുന്നു ഇത്തരം വാർത്ത? തോന്നിയ പോലെ വാർത്ത കൊടുത്തിട്ട് എന്നോട് ചോദിക്കുന്നോയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡി.സി.സികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതില്‍ എതിര്‍പ്പില്ല, നല്ല കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ  അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവ് വരണമെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെയും നിലപാട്. എന്നാൽ  മത– സാമൂഹിക- സമുദായിക സമവാക്യങ്ങൾ പാലിച്ച് എത്രത്തോളം വിജയകരമായി കേരളത്തിൽ പുനസംഘടന നടത്താനാകും എന്നതാണ് വലിയ വെല്ലുവിളി.

ENGLISH SUMMARY:

K.C. Venugopal, General Secretary of the AICC, emphasized that reorganization in Kerala, along with strengthening the District Congress Committees (DCC), is unavoidable. Although the process has been challenging, the reorganization is a necessity, he told Manorama News. The move has received support from leaders like Ramesh Chennithala and Kodikunnil Suresh, but K. Sudhakaran has rejected it.