മകള്‍ വീണ ഉള്‍പ്പെട്ട കേസിനെ അത്ര ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസ് കോടതിയിലല്ലേ, നടക്കട്ടെ. ബിനീഷ് കോടിയേരി ഉള്‍പ്പെട്ട കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പേര് പറഞ്ഞിരുന്നില്ല. ഈ കേസില്‍ മുഖ്യമന്ത്രിയുടെ മകളെന്ന് പറഞ്ഞാണ് ആക്രമിക്കുന്നത് . നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്. അത് വേഗം കിട്ടില്ല. നിങ്ങൾക്ക് സാമാന്യ ബുദ്ധി ഇല്ല. മകള്‍ ജോലി ചെയ്ത സ്ഥാപനം നല്‍കിയത് കള്ളപ്പണമാണോ? . ആ തുകയ്ക്ക് നികുതി നല്കിയിട്ടില്ലേ ?. സേവനം ലഭിച്ചുവെന്ന് കമ്പനി പറയുന്നു. ഈ വിവരങ്ങള്‍ മറച്ചുവച്ച് മുഖ്യമന്ത്രിയുടെ മകളെന്ന പേരില്‍ വേട്ടയാടുകയാണ്.
മുസ് ലിം വിഭാഗത്തെ ഒറ്റപ്പെടുത്താൻ സംഘപരിവാർ ശ്രമം നടത്തുന്നു. ഇതിൽ ചേരാൻ ആരും ചെന്നുനിൽക്കരുത്. വെള്ളാപ്പള്ളി നടേശനും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
Read Also: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട്; എസ്എഫ്ഐഒ നടപടികള്‍ക്ക് സ്റ്റേ ഇല്ല
മുനമ്പം പരിഹരിക്കും , പുതിയ വഖഫ് നിയമം എന്നൊക്കെ ചിലർ പ്രചരിപ്പിച്ചു. ആ പ്രശ്നത്തിന് നിയമഭേദഗതി പരിഹാരമാകില്ല. ബിജെപി പുകമറ സൃഷ്ടിക്കുകയാണ്. ഇത് മുനമ്പത്തുള്ളവർക്ക് വ്യക്തമാകും. ബിജെപിയുടെ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡാണിത്. ജബൽപൂരിലെത് അവരുടെ സമീപനം വ്യക്തമാക്കുന്നതാണ്. ഓർഗനൈസറും ലക്ഷ്യം വ്യക്തമാക്കുന്നു. ബിജെപിയുടെ ക്രിസ്ത്യൻ പ്രേമം വ്യാജമാണ്.
ആശാസമരം തീരണം എന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ട്. കേന്ദ്രം അവരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. ആശമാർക്ക് മികച്ച ഓണറേറിയമാണ് കേരളം നൽകുന്നത്. 1000 ൽ നിന്ന് 7000 ആക്കിയത് എൽ.ഡി. എഫ് സർക്കാരാണ്. ആകെ 13000 വരെ കിട്ടും. ഇതില്‍ പതിനായിരം നൽകുന്നത് സംസ്ഥാനമാണ്. തുക കൂട്ടിയ സംസ്ഥാനത്തിന് എതിരെയാണോ ഇൻസെൻ്റീവ് കൂട്ടാത്ത കേന്ദ്രത്തിന് എതിരെയാണോ സമരം വേണ്ടത്?. 26125 ആശ പ്രവര്‍ത്തകരില്‍ 95 ശതമാനവും സമരത്തിൽ ഇല്ല.
സമരം ആരോഗ്യ മേഖലയെ ബാധിക്കുന്നില്ല. 5 തവണ സർക്കാർ ചർച്ച നടത്തി. 21000 രൂപ വേണം എന്നാണ് ആവശ്യം. സാമ്പത്തിക സ്ഥിതി അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.