cabinet-forest
  • പദ്ധതിയെ സിപിഐ എതിര്‍ത്തിരുന്നു
  • അംഗീകരിച്ചാല്‍ കേന്ദ്ര വിദ്യാഭ്യാസനയം നടപ്പിലാക്കേണ്ടി വരും

പി.എം.ശ്രീ സ്കൂള്‍ പദ്ധതി അംഗീകരിക്കാനുള്ള തീരുമാനം മാറ്റി സംസ്ഥാന സര്‍ക്കാര്‍. വിഷയം  മന്ത്രിസഭ പിന്നീട് വിശദമായി ചര്‍ച്ച ചെയ്യും. പദ്ധതി അംഗീകരിക്കുന്നതില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചിരുന്നു. 251 സ്കൂളുകള്‍ക്ക് 251 കോടി രൂപ ലഭിക്കുന്ന പദ്ധതിയാണ് പി.എം.ശ്രീ. 

പദ്ധതി കേരളം അംഗീകരിച്ചാല്‍ ഓരോ ബ്ലോക്ക് പഞ്ചായത്തിലും 2 സ്കൂൾ വീതം കേന്ദ്ര മാതൃകയിൽ വികസിപ്പിക്കും. പദ്ധതി പ്രകാരം വർഷം ഒരു കോടിയോളം രൂപ ഈ സ്കൂളുകൾക്കു ലഭിക്കും. ഇതിൽ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കണം. പദ്ധതിയിലൊപ്പിട്ടാൽ നയപരമായി എതിർപ്പുള്ള കേന്ദ്ര വിദ്യാഭ്യാസനയം നടപ്പാക്കേണ്ടി വരുമെന്നതാണ് കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിർപ്പിനു കാരണം. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങൾ പദ്ധതിയിലുൾപ്പെട്ടിട്ടുണ്ട്.

2022 ലെ ദേശീയ അധ്യാപക ദിനത്തിലാണ് രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയ്ക്കു പുറമേ കലാ–കായിക രംഗത്തെ മികച്ച പരിശീലനം എന്നിവയെല്ലാം ഈ സ്കൂളുകളില്‍ ലഭ്യമാക്കും. സ്കൂളുകളെ തിരഞ്ഞെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

പദ്ധതിയില്‍ ചേരാതിരുന്നതിനെ തുടര്‍ന്ന് കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു നൽകാനുള്ള സമഗ്രശിക്ഷാ പദ്ധതി ഫണ്ട്  കേന്ദ്രസർക്കാർ  നേരത്തെ തടഞ്ഞിരുന്നു. ഈ നടപടിക്കെതിരെ  പാർലമെന്ററി കമ്മിറ്റി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. പിഎം ശ്രീ പദ്ധതിയിൽ ചേർന്നില്ലെന്ന പേരിൽ ഫണ്ട് തടഞ്ഞതു ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. കേരളത്തിന് 420.91 കോടി, തമിഴ്നാടിന് 2151 കോടി, ബംഗാളിന് 1745.80 കോടി എന്നിങ്ങനെയാണ് പണം കിട്ടാനുള്ളത്. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്കു മുന്നിൽ 'പിഎം ശ്രീ' എന്നു ചേർക്കണമെന്ന് നിബന്ധനയിലുണ്ടായിരുന്നു. ഇതിനെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു.  എന്നാല്‍ എസ്എസ്എ എന്നാൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പരിപാടിയും പിഎം ശ്രീ വിദ്യാഭ്യാസനയ പ്രകാരമുള്ള മാതൃകാ സ്കൂൾ പദ്ധതിയുമാണെന്നും ‍പദ്ധതിയിൽനിന്നു വിട്ടുനിൽക്കുന്നത് എസ്എസ്എയിൽനിന്നു വിട്ടുനിൽക്കുന്നതിനു തുല്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം. എന്നാൽ, ഭരണഘടനയിൽ പറയുന്ന വിദ്യാഭ്യാസവകാശം നടപ്പാക്കാനുള്ള മാർഗമാണ് എസ്എസ്എ എന്നും അതിനെ ദേശീയ വിദ്യാഭ്യാസനയം ഉപയോഗിച്ചു മറികടക്കാൻ പാടില്ലെന്നും പാർലമെന്ററി കമ്മിറ്റി ചൂണ്ടിക്കാട്ടി. 

ENGLISH SUMMARY:

The Kerala government has decided to put on hold its earlier approval for the PM SHRI school scheme. The decision was made during a Cabinet meeting, with a plan to discuss the matter in more detail later. The move comes after CPI expressed its opposition to the scheme.