മാസപ്പടി കേസിലെ കുറ്റപത്രത്തിൽപെട്ട മകളെ പ്രതിരോധിക്കാൻ, വേറിട്ട തന്ത്രവുമായി മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികളെയോ ബിജെപിയെയോ പ്രതിപക്ഷത്തെയോ വിമർശിക്കില്ല, പകരം മാധ്യമങ്ങളെ പഴിചാരുക, ഇതാണ് പുതിയ രീതി. കേസ് അതിന്റെ വഴിക്ക് പോകട്ടെ എന്നൊക്കെ പറയുമ്പോഴും രാഷ്ട്രീയമായും നിയമപരമായും മാസപ്പടി ആരോപണത്തെ നേരിടുക എളുപ്പമല്ലെന്ന് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ക്യാംപിനും അറിയാം.
മാധ്യമങ്ങൾ തന്നെ വേട്ടയാടാൻ മകളെയും നികുതി നൽകി സുതാര്യമായി പ്രവർത്തിക്കുന്ന അവരുടെ കമ്പനിയെയും ആയുധമാക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാധ്യമങ്ങൾ താൻ രാജിവെക്കുന്നത് കാത്തിരിക്കേണ്ടെന്നും പിണറായി വിജയൻ പറയുന്നു. മകൾക്കെതിരായ കേസിനെ കുറിച്ചുള്ള വിശദമായ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
മാസപ്പടിയിൽ ആദായനികുതി ഇൻട്രിംസെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോഴുള്ളതിന് സമാനമായ വാദങ്ങളാണ് വീണക്കെതിരെ എസ്.എഫ്.ഐ.ഒ കുറ്റപത്രം വരുമ്പോഴും മുഖ്യമന്ത്രി ആവർത്തിക്കുന്നത്. മകളുടെ കമ്പനി സി.എം.ആർ.എലിന് സേവനം നൽകി. ജി.എസ്.ടിയും ആദായ നികുതിയും അടച്ചു. അതെല്ലാം മാധ്യമങ്ങൾ മറച്ചുവെച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. എന്നാൽ ഈ വാദങ്ങൾ എല്ലാം തള്ളിയ ശേഷമല്ലേ എസ്.എഫ്.ഐ.ഒ വീണയെ പ്രതിയാക്കിയുള്ള കുറ്റപത്രം നൽകിയതെന്ന ചോദ്യത്തിന് മറുപടി ഇതാണ്.
മാസപ്പടി ഡയറിയിലെ പിവി താനല്ല എന്നും ബിനിഷ് കോടിയേരിയുടെ കേസ് പോലെയല്ല ഇതെന്ന് കൂടി പിണറായി പറയുന്നത് ഇനി ഉയരാനിടയുള്ള ചോദ്യങ്ങൾക്കു കൂടി മറുപടി ആയാണ്.
വിമർശനമുനയിൽ കേന്ദ്രസർക്കാറില്ല. മകളെ കുടുക്കിയ കേന്ദ്ര ഏജൻസികളുമില്ല. രോഷം പ്രതിപക്ഷത്തോടുമില്ല. എല്ലാറ്റിന്റെയും കുറ്റം മാധ്യമങ്ങൾക്ക് മാത്രം. പിണറായി വിജയൻ VS മാധ്യമങ്ങൾ എന്ന പറഞ്ഞു പഴകിയ തന്ത്രം കൊണ്ട് മകളെ പ്രതിരോധിക്കാനാണ് തീരുമാനമെന്ന് വ്യക്തം.