നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ തേടി സിപിഎം .ചുങ്കത്തറ മാര്‍ത്തോമ കോളജ് മുന്‍ പ്രന്‍സിപ്പല്‍ തോമസ് മാത്യു, യു.ഷറഫലി, നിലമ്പൂര്‍ ജില്ലാശുപത്രി സൂപ്രണ്ട് ഡോ.ഷിനാസ് ബാബു തുടങ്ങിയ പേരുകളാണ് പരിഗണനയിലുളളത്. കൂടുതല്‍ സ്വതന്ത്രന്‍മാരെ കണ്ടെത്താനുളള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
രാഷ്ട്രീയ വോട്ടുകളുടെ കണക്ക് പരിശോധിച്ചാല്‍ നിലമ്പൂരില്‍ യുഡിഎഫിനുളള മേല്‍കൈ കൂടി കണക്കിലെടുത്താണ് ഒരിക്കല്‍ കൂടി സ്വതന്ത്രസ്ഥാനാര്‍ഥിയെ പരീക്ഷിക്കാന്‍ സിപിഎം ആലോചിക്കുന്നത്. മുന്‍പ് രണ്ടു വട്ടം ആര്യാടന്‍ മുഹമ്മദിനെതിരെ മല്‍സരിച്ച ചുങ്കത്തറ മാര്‍ത്തോമ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യുവിന്‍റേതാണ് പരിഗണിക്കുന്ന പേരുകളില്‍ ഒന്ന്. ആര്യാടന്‍ മുഹമ്മദിനൊപ്പം കെപിസിസി അംഗമായി പ്രവര്‍ത്തിച്ചിരുന്ന തോമസ് മാത്യു 2011ല്‍ ആര്യാടന്‍ മുഹമ്മദിന്‍റെ ഭൂരിപക്ഷം 5500ആയി കുറച്ചിരുന്നു. നിലമ്പൂര്‍ ജില്ലാശുപത്രി സൂപ്രണ്ടായ ഡോ.ഷിനാസ് ബാബു നിലമ്പൂര്‍ ടൗണിനോട് ചേര്‍ന്ന വടപുറം സ്വദേശിയാണ്. കോവിഡ് കാലത്ത് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നോഡല്‍ ഒാഫീസറായിരുന്നു. ഷിനാസ് ബാബുവിന്‍റെ ജനകീയ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ സിപിഎം.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു.ഷറഫലിയുടെ പേരും ആലോചിക്കുന്നുണ്ട്. അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയായ യു.ഷറഫലിക്കും നിലമ്പൂരില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ല. സ്വതന്ത്രസ്ഥാനാര്‍ഥിയാക്കാന്‍ മികച്ച മറ്റേതെങ്കിലും പേരുകളുണ്ടോയെന്നും സിപിഎം പരിശോധിക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം സ്ഥാനാര്‍ഥിയെ ഉറപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.