എം.എ.ബേബി ചുവന്ന ഷാൾ അണിയിച്ചപ്പോഴേക്കും വി.കെ.വിക്രമന്‍റെ കണ്ണുകൾ നിറഞ്ഞു. 'ബേബി അന്നേ മിടുക്കനായിരുന്നു' ബേബിയുടെ കൈപിടിച്ച് വിക്രമന്‍ ആ പഴയകാലം ഓര്‍ത്തെടുത്തു. എം.എ.ബേബിയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പാര്‍ട്ടി അംഗത്വം നല്‍കിയ ആളാണ് വി.കെ.വിക്രമന്‍. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡല്‍ഹിക്ക് പോകും മുന്‍പ് കൊല്ലം പ്രാക്കുളത്തെ വാലുവിള വീട്ടിലെത്തിയാണ് എംഎ ബേബി തന്‍റെ ഗുരുനാഥന്‍ എണ്‍പത്തിമൂന്നുകാരനായ വിക്രമനെ കണ്ടത്. 'പണ്ട് നമ്മളെഴുതിയ ലോക്കൽ കമ്മിറ്റിയുടെ ബോർഡ് മായ‌്ഞ്ഞുകാണുമല്ലേ. നമ്മളൊരുമിച്ച് ഈ തെക്കേച്ചേരിയിൽ എത്ര ചുവരുകളെഴുതിയതാണ്. എത്ര പോസ്റ്ററുകളൊട്ടിച്ചതാണ് ' ഇരുവരും പഴയകാലത്തേക്ക് സഞ്ചരിച്ചു.
വിക്രമന്‍റെ ബേബി
പ്രാക്കുളം എൻ.എസ്.എസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് അന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിയായ വി.കെ.വിക്രമന്‍ എംഎ ബേബിയെ കണ്ടെത്തുന്നത്. പ്രാക്കുളം സ്കൂളിലെ ഒരു ക്ലാസെങ്കിലും പിടിക്കണമെന്ന വാശിയിലായിരുന്നു വിക്രമൻ. കെ.എസ്.എഫിന് സ്ഥാനാർഥിയാകാൻ ആളെ കിട്ടാത്ത കാലം. അങ്ങനെയാണ് ബേബിയെക്കുറിച്ച് അറിഞ്ഞത്. ഒരു അലക്സാണ്ടര്‍ സാറിന്‍റെ മകന്‍ ബേബിയെന്ന് മാത്രമേ അറിയു. വിക്രമന്‍ നേരിട്ട് സ്കൂളിലെത്തി ബേബിയെ കാണുന്നത്. മരിയന്‍ അലക്സാണ്ടര്‍ ബേബിയെന്ന എം.എ.ബേബിയുടെ രാഷ്ട്രീയജീവിതത്തിന് തുടക്കമിട്ടതും പ്രാക്കുളം സ്കൂളിലെ ആ കൂടിക്കാഴ്ചയില്‍ നിന്നായിരുന്നു.
‘അക്കാലത്ത് കെ.എസ്.എഫ് സ്ഥാനാർത്ഥിയായാൽ തോൽക്കുമെന്ന് ഉറപ്പാണ്. അങ്ങനെ സ്കൂൾ തിരഞ്ഞെടുപ്പിൽ കെ.എസ്.എഫിന് വേണ്ടിമല്‍സരിക്കാന്‍ വിദ്യാർഥികളെ കണ്ടെത്തിയിരുന്ന ആളായിരുന്നു വിക്രമൻ സഖാവ്. അദ്ദേഹം എന്നെയും തിരഞ്ഞുപിടിച്ച് സ്ഥാനാർഥിയാക്കി. ആദ്യമായി സ്റ്റുഡന്റ്സ് ഫെഡറേഷന്‍റെ സമ്മേളനത്തിന് കൊണ്ടുപോയതും വിക്രമൻ സഖാവാണ്.’ എംഎ ബേബി പറഞ്ഞു തുടങ്ങുന്നു.
‘ബേബി അന്നേ മിടുക്കനായിരുന്നു. മത്സരങ്ങൾക്കൊക്കെ പോയി സമ്മാനം വാങ്ങിയിരുന്നു. കെ.എസ്.യു മാത്രം ജയിക്കുന്ന സ്കൂളിൽ ഒരു ക്ലാസിലെങ്കിലും ജയിക്കാൻ, പാർട്ടി സഖാക്കളുടെ സഹായത്തോടെയാണ് ബേബിയെ കണ്ടുപിടിച്ചതെന്ന് വി.കെ.വിക്രമന്‍ ഇന്നുമോര്‍ക്കുന്നു. അങ്ങനെ ബേബി എട്ടാം ക്ലാസിലെ കെ.എസ്.എഫ് സ്ഥാനാർഥിയായി മല്‍സരിച്ചെങ്കിലും ജയിക്കാനായില്ല. ആദ്യ മല്‍സരത്തിലെ തോല്‍വിയില്‍ നിന്ന് പഠനവഴിയില്‍ കൊല്ലം എസ്.എന്‍.കോളജിലെത്തിയപ്പോഴാണ് തീപ്പൊരി നേതാവായത്.