പി.എം.ശ്രീ പദ്ധതിയുടെ പേരില്‍ ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. പദ്ധതിയെ എതിര്‍ത്ത് സിപിഐ ശക്തമായി രംഗത്തെത്തുമ്പോള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കാനാണ് സിപിഎമ്മിന്‍റെ ശ്രമം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം 251 സ്കൂളുകള്‍ക്ക് ഓരോ കോടി രൂപ വീതം കിട്ടുന്നത് വേണ്ടെന്ന് വയ്ക്കുക എളുപ്പമല്ല. ഇതിനുപുറമെ സമഗ്രശിക്ഷ അഭിയാന്‍ വഴി ചെലവഴിക്കേണ്ട ഏകദേശം 754 കോടി രൂപയുടെ കേന്ദ്രഫണ്ടും ഇക്കാരണത്താല്‍ തടസപ്പെട്ട് നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ പി.എം.ശ്രീ അംഗീകരിക്കാതെ വേറെ വഴിയില്ലെന്ന് അവസ്ഥയിലാണ് വിദ്യാഭ്യാസ വകുപ്പ്.
എന്നാല്‍ സ്കൂളുകളില്‍ പി.എം.ശ്രീയെന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും വെക്കുന്നതിനും അപ്പുറം ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാനുള്ള കുറുക്കുവഴിയാണ് പദ്ധതിയെന്നാണ് സിപിഐയുടെ നിലപാട്. 2022 മുതല്‍ പദ്ധതി അംഗീകരിക്കണോ വേണ്ടെ എന്ന ആശയക്കുഴപ്പത്തിലായിരുന്നു മുന്നണിയും സര്‍ക്കാരും. എന്നാല്‍ ഇപ്പോള്‍ കേന്ദ്രഫണ്ട് എങ്ങനെയും വാങ്ങിയെടുക്കണമെന്ന് സിപിഎമ്മും ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള നിലപാടാണ് പ്രധാനമെന്ന് സിപിഐയും വാദിക്കുമ്പോള്‍ അടുത്ത മന്ത്രിസഭാ യോഗം നിര്‍ണായകമാകും.
2022 ലെ ദേശീയ അധ്യാപക ദിനത്തിലാണ് രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയ്ക്കു പുറമേ കലാ–കായിക രംഗത്തെ മികച്ച പരിശീലനം എന്നിവയെല്ലാം ഈ സ്കൂളുകളില്‍ ലഭ്യമാക്കും. സ്കൂളുകളെ തിരഞ്ഞെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പദ്ധതിയില്‍ ചേരാതിരുന്നതിനെ തുടര്‍ന്ന് കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു നൽകാനുള്ള സമഗ്രശിക്ഷാ പദ്ധതി ഫണ്ട് കേന്ദ്രസർക്കാർ നേരത്തെ തടഞ്ഞിരുന്നു. ഈ നടപടിക്കെതിരെ പാർലമെന്ററി കമ്മിറ്റി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. പിഎം ശ്രീ പദ്ധതിയിൽ ചേർന്നില്ലെന്ന പേരിൽ ഫണ്ട് തടഞ്ഞതു ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. കേരളത്തിന് 420.91 കോടി, തമിഴ്നാടിന് 2151 കോടി, ബംഗാളിന് 1745.80 കോടി എന്നിങ്ങനെയാണ് പണം കിട്ടാനുള്ളത്. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്കു മുന്നിൽ 'പിഎം ശ്രീ' എന്നു ചേർക്കണമെന്ന് നിബന്ധനയിലുണ്ടായിരുന്നു. ഇതിനെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു.
എന്നാല്‍ എസ്എസ്എ എന്നാൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പരിപാടിയും പിഎം ശ്രീ വിദ്യാഭ്യാസനയ പ്രകാരമുള്ള മാതൃകാ സ്കൂൾ പദ്ധതിയുമാണെന്നും പദ്ധതിയിൽനിന്നു വിട്ടുനിൽക്കുന്നത് എസ്എസ്എയിൽനിന്നു വിട്ടുനിൽക്കുന്നതിനു തുല്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം. എന്നാൽ, ഭരണഘടനയിൽ പറയുന്ന വിദ്യാഭ്യാസവകാശം നടപ്പാക്കാനുള്ള മാർഗമാണ് എസ്എസ്എ എന്നും അതിനെ ദേശീയ വിദ്യാഭ്യാസനയം ഉപയോഗിച്ചു മറികടക്കാൻ പാടില്ലെന്നും പാർലമെന്ററി കമ്മിറ്റി ചൂണ്ടിക്കാട്ടി.