കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തിൽ മാറ്റം വരുത്തുന്ന തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാനിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃത്വം വിളിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഇടതുഭരണം അവസാനിക്കുന്നതിന്‍റെ തുടക്കമാവും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം എന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുനമ്പം വിഷയം പരിഹരിക്കാതെ വോട്ടാക്കി മാറ്റാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പിണറായി വിജയനും ജനങ്ങളും തമ്മിലാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ.പി.വി.അൻവറും വ്യക്തമാക്കി.
സ്ഥാനാർഥികളായി പരിഗണിക്കുന്ന ആര്യാടൻ ഷൗക്കത്തിനേയും വിഎസ് ജോയിയേയും ലീഗ് നേതൃത്വം ഹൃദ്യമായാണ് സ്വീകരിച്ചത്. കിട്ടിയ അവസരത്തിൽ പി.വി. അൻവറിനെ പ്രകീർത്തിക്കാൻ ഇരുവരും മറന്നില്ല.