അരളിപ്പൂവ് കഴിച്ചതിനെ തുടർന്ന് മരിച്ചെന്ന് സംശയിക്കുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സൂര്യയുടെ മരണകാരണം വ്യക്തമാകാൻ രാസപരിശോധനാ ഫലം കാത്ത് അന്വേഷണ സംഘം. രാസപരിശോധനാ ഫലം കൂടി ലഭിച്ചാലേ അരളിയാണോ മരണകാരണമെന്ന് ഉറപ്പിക്കാനാകു. നഴ്സിന്റെ മരണത്തിന് പിന്നാലേ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗം വിലക്കിയിരുന്നു.
ആലപ്പുഴ പള്ളിപ്പാട് സ്വദേശിനിയായ സൂര്യ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് മരിച്ചത്. ജോലിക്കായി യുകെയിലേക്ക് പോകാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ നിൽക്കുമ്പോഴാണ് കുഴഞ്ഞു വീണ്ടത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വഴിയിൽ വച്ചും സൂര്യക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നു. യാത്ര പുറപ്പെടുന്ന ദിവസം രാവിലെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ വീട്ടു മുറ്റത്തുള്ള അരളി ചെടിയിൽ നിന്നു സൂര്യ പൂവും ഇലയും കടിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അരളി ചെടിയിലെ വിഷാംശം ഹൃദയാഘാതത്തിലേക്ക് നയിച്ചു എന്ന സംശയം ഡോക്ടർമാർക്കുണ്ട്. അന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം വന്നാലെ അരളിയാണോ മരണകാരണമായത് എന്ന് വ്യക്തമാകു. രാസപരിശോധന ഫലം ലഭിച്ചതിനു ശേഷമേ തുടർനടപടികൾ സ്വീകരിക്കാനാകൂ എന്നാണ് പൊലിസ് പറയുന്നത്.