അനാഥനായി മരിച്ച് ആശുപത്രി ജീവനക്കാർ മരണാനന്തര കർമവും നടത്തിയ സലീമിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തി. കോഴിക്കോട് കാന്തപുരം സ്വദേശിയായ അബ്ദുൽ സലീം ആണ് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഡിസംബറിൽ മരിച്ചതെന്ന് സ്ഥിരീകരിച്ചു. സലീമിന് മരണാനന്തര കർമം ഒരുക്കിയ നഴ്സ് സുരഭിയെകുറിച്ചുള്ള വാർത്ത രണ്ടാഴ്ച മുമ്പ് മോണിങ് എക്സ്പ്രസ്സിലൂടെ മനോരമ ന്യൂസ് നൽകിയിരുന്നു.
അനാഥനായതിനാൽ അന്ന് മൃതദേഹത്തിന് മുകളിൽ എഴുതിയ സലീം കെയർ ഓഫ് സുരഭിയെന്ന മേൽവിലാസത്തിൽ നിന്ന് മോചനം.കോഴിക്കോട് കാന്തപുരം ഉണ്ണിക്കുളം മുണ്ടോചാലിൽ ഹൗസിൽ അബ്ദുൾ സലീം എന്നതാണ് ശരിയായ വിലാസം. കഴിഞ്ഞ ഡിസംബറിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതാണ് സലീം.അവകാശികളെ തേടി
അഞ്ചുമാസം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി. ഈ മാസം ആദ്യമാണ് മരണാനന്തര കർമം നടത്തി സ്വകാര്യ മെഡിക്കൽ കോളേജിന് കൈമാറിയത്. ആശുപത്രിയിലെ നഴ്സ് സുരഭി ഉൾപ്പെടെയുള്ളവർ സലീമിനെ പരിചരിച്ചതും മരണാനന്തര കർമം നടത്തിയതും രണ്ടാഴ്ച മുമ്പ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ സലീം എന്ന ആളിന്റെ വിവരങ്ങൾ തേടി നിരവധി പേരാണ് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചത്. ഇപ്പോൾ യഥാർത്ഥ അവകാശികൾ എത്തി മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജിൽ നിന്ന് ഏറ്റുവാങ്ങി.
പതിനെട്ടു വർഷം മുമ്പ് മാനസിക വെല്ലുവിളി നേരിട്ട് നാടുവിട്ട സലീമിനെ വീട്ടുകാർ പിന്നെ കണ്ടിട്ടില്ല. മൃതദേഹം ഏറ്റുവാങ്ങാൻ സലീമിന്‍റെ ബന്ധുക്കളും നാട്ടുകാരുമൊക്കെ കൊല്ലത്ത് എത്തിയിരുന്നു.