കണ്ണൂർ ഇരിട്ടിയിൽ പട്ടാപകൽ ബാങ്കിലെത്തിയ മൂർഖൻ പാമ്പ് ഇടപാടുകാരെയും ജീവനക്കാരെയും ആശങ്കയിലാക്കി. ഒരു മണിക്കൂറോളം ബാങ്കിന്‍റെ പ്രവർത്തനം സ്തംഭിച്ചു. വനം വകുപ്പ് പാമ്പിനെ പിടികൂടിയതോടെ ആശങ്ക ഒഴിഞ്ഞു
തിങ്കളാഴ്ച്ച രാവിലെ 10:45 ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിനു സമീപം സ്ഥിതി ചെയ്യുന്ന പഞ്ചാബ് നാഷനൽ ബാങ്കിൻ്റെ ശാഖയിലാണ് മൂർഖൻ പാമ്പ് എത്തിയത്. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലേക്ക് കോണിപ്പടി വഴി പാമ്പ് കയറുന്നത് ബാങ്കിലെത്തിയ ഇടപാടുകാരനാണ് ആദ്യം കണ്ടത്. ബാങ്കിൽ കയറിയ പാമ്പ് മുറിയിലെ ഒരു മൂലയിൽ നിലയുറപ്പിച്ചു. ഇടക്ക് പത്തി വിടർത്തി ആളുകളെ ഭയപ്പെടുത്തി. വിവരം അറിഞ്ഞ് ആളുകൾ ബാങ്കിൽ കൂടി. ആശങ്കയ്ക്കിടെ വനം വകുപ്പ് താല്ക്കാലിക ജീവനക്കാരൻ ഫൈസൽ വിളക്കോട് മൂർഖനെ പിടികൂടി. പിന്നീട് പാമ്പിനെ ഉൾവനത്തിൽ വിട്ടയച്ചു.