viswambharan-vishu-bumper-30

വിഷു ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ തനിക്കാണ് അടിച്ചതെന്ന് രാത്രി തന്നെ അറിഞ്ഞുവെന്ന് പഴവീട് സ്വദേശി വിശ്വംഭരന്‍. ആലപ്പുഴയിലാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് വാര്‍ത്ത കണ്ടപ്പോഴാണ് രാത്രിയില്‍ ടിക്കറ്റെടുത്ത് നോക്കിയത്. വിശ്വംഭരന്‍റെ വാക്കുകളിങ്ങനെ.

'ഇന്നലെ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ നോക്കിയില്ല, രാത്രിയിലാണ് നോക്കിയത്. പഴവീട്ടിലമ്മ തന്ന ഭാഗ്യം എന്നാണ് വിചാരിക്കുന്നത്. പൈസ കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. ആലപ്പുഴയിലാണ് അടിച്ചതെന്ന് ന്യൂസ് വന്നിരുന്നു. അപ്പോ ടിക്കറ്റെടുത്ത് നോക്കി'. ലോട്ടറി അടിച്ച വിവരം ആദ്യം വീട്ടുകാരോടാണ് പറഞ്ഞതെന്നും വിശ്വംഭരന്‍ വെളിപ്പെടുത്തി.

സന്തോഷമാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'പിന്നെ സന്തോഷിക്കാതിരിക്കാനെന്താ കാര്യം എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള മറുപടി. ഭാഗ്യവാനാണെന്നറിഞ്ഞ ശേഷം ഉറങ്ങാന്‍ പറ്റിയോ എന്ന് ചോദിച്ചപ്പോള്‍, സുഖമായി ഉറങ്ങി, ഇതുവരെ ഇങ്ങനെ ഉറങ്ങിയിട്ടില്ലെന്നും വിശ്വംഭരന്‍ പറഞ്ഞു. ലൈവൊക്കെ കണ്ട്, വാര്‍ത്ത അറിഞ്ഞ് ഇനി എല്ലാവരും പണം ചോദിച്ചെത്തുമോയെന്ന ആശങ്കയും വിശ്വംഭരന്‍ മറച്ചുവച്ചില്ല. 'ഇതൊക്കെ കണ്ട് ആള്‍ക്കാരെല്ലാം ഓടി വരും. വീട്ടിലുള്ളവരെ ഉറക്കത്തില്ല ഇനി'.നാടുവിടേണ്ടി വരുമെന്നാ തോന്നുന്നേ'യെന്നും ഭാഗ്യവാന്‍ ആശങ്കപ്പെടുന്നു. 

 

ആഴ്ചയില്‍ രണ്ടും മൂന്നും തവണ ലോട്ടറിയെടുക്കാറുള്ള വിശ്വംഭരനെ ഭാഗ്യം തുണയ്ക്കുന്നത് ഇതാദ്യമല്ല. നൂറും ആയിരവുമൊക്കെ മുന്‍പ് അടിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇക്കുറി 12 കോടിക്ക് പുറമെ വേറൊരു 5000 രൂപ കൂടി അടിച്ചുവെന്നും വിശ്വംഭരന്‍ വെളിപ്പെടുത്തി. ബംപര്‍ സ്ഥിരമായി എടുക്കാറുണ്ട്. മറ്റ് ലോട്ടറികള്‍ ഏജന്‍റ് ജയ നിര്‍ബന്ധിപ്പിച്ച് എടുപ്പിക്കുന്നതാണ്. 'ഞാന്‍ അമ്പലത്തില്‍ പോകുമ്പോഴും സ്കൂളില്‍ പോകുമ്പോഴുമെല്ലാം അത് വിടത്തില്ല. അപ്പോ എടുക്കും. അതിന്‍റെ ചെറിയകടയൊക്കെ അല്ലേ, ഇതുംകൊണ്ടൊക്കെ കാര്യം മുന്നോട്ട് പോകുന്നതാ' വിശ്വംഭരന്‍ പറയുന്നു. ലോട്ടറിയടിച്ച പണം എങ്ങനെ ചിലവഴിക്കണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Had slept with peace and mindfulness after knowing vishu bumper lottery result says Viswambharan. Winner express his happiness. Lottery department will deposit a sum of 12 cr to Viswambharan's bank account