കാറ് വീട്ടിൽ കിടന്നാലും ഫാസ്റ്റാഗ് വഴി പണം ചോരുന്നതായി പരാതി. വൈക്കം നഗരസഭ മുൻ വൈസ് ചെയർമാനായിരുന്ന ഡി. രഞ്ജിത്ത് കുമാറിനാണ് പണം നഷ്ടപ്പെടുന്നത്. കഴിഞ്ഞ മാസം നാല് തവണ പണം നഷ്ടമായതോടെ ബാങ്ക് അക്കൗണ്ട് തന്നെ ക്ലോസ് ചെയ്തിരിക്കുകയാണ് രഞ്ജിത്ത് കുമാർ.
കഴിഞ്ഞ മെയ് മാസം 22 മുതലാണ് പാലിയേക്കേര, പ്ലാസാ നെയിം, തലപ്പാടി എന്നീ ടോൾ കേന്ദ്രങ്ങളിൽ നിന്ന് ടോൾ ഈടാക്കിയതായുള്ള ഫോൺ സന്ദേശം രഞ്ജിത്ത് കുമാറിന് കിട്ടി തുടങ്ങിയത്.. അടുത്തിടെ എങ്ങും ഈ പ്രദേശത്തുകൂടി പോയിട്ടില്ലെങ്കിലും സന്ദേശങ്ങൾ തുടർച്ചയായി എത്തി. സന്ദേശം എത്തി ഉടൻതന്നെ ടോൾ കേന്ദ്രങ്ങളിൽ പരാതി അറിയിച്ചിട്ടും നാലു പ്രാവശ്യം പണം നഷ്ടപ്പെട്ടു.
ഒരു പ്രാവശ്യം ഈടാക്കിയ തുക മടക്കി ഇട്ടതായി സന്ദേശം ലഭിച്ചെങ്കിലും 65 രൂപ ഈടാക്കിയതിൽ പത്ത് രൂപമാത്രമാണ് അക്കൗണ്ടിൽ വന്നത്. ജൂൺ ആറിനാണ് കാർ തലപ്പാടി ടോൾ ബൂത്ത് കടന്നതായും 55 രൂപ ഈടാക്കിയതായുമുള്ള സന്ദേശം അവസാനം വന്നത്. 2021ലാണ് രഞ്ജിത്ത് കുമാർ ഭാര്യ പ്രിയമ്മ യുടെ പേരിൽ ഈ വാഹനം വാങ്ങിയതും ഫാസ്റ്റാഗ് എടുത്തതും. മെയ് 22 മുതൽ ജൂൺ ആറുവരെ നാലു പ്രാവശ്യം പണം നഷ്ടമായതോടെ ഫാസ്റ്റാഗുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് തന്നെ ക്ലോസ് ചെയ്താണ് രക്ഷതേടിയിരിക്കുന്നത്.