Image Credi; Facebook

ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ കോൺ​ഗ്രസ് നേതാക്കളെ ട്രോളുന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി ഇടത് സഹയാത്രികൻ പ്രേം കുമാർ. ബാർ മുതലാളിമാരുടെ ഗ്രൂപ്പ് അഡ്മിനായിരുന്നു എന്നതിന്റെ പേരിൽ പുതിയ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് അർജുനെയും പഴയ കോൺഗ്രസിന്റെ അഖിലകേരള നേതാവ് തിരുവഞ്ചൂരിനെയും ട്രോളുന്നത് കാണുമ്പോൾ തന്റെ ലിവർ വേദനിക്കുകയാണെന്ന് പരിഹാസ രൂപേണെ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.  

'ഇനി പറയാൻ പോവുന്നതിന്റെ പേരിൽ ഏത് കട്ടക്കമ്മി പ്രതിഷേധിച്ചാലും എനിക്കൊരു പെഗ്ഗുമില്ല എന്ന് പറഞ്ഞുകൊണ്ട് പറയട്ടെ. രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ വെച്ച്, ബ്ലോക്ക് ഭാരവാഹികളോട് 'ഏത് ബ്രാൻഡാണ് അടിക്കുന്നത് ചെങ്ങായീ?' എന്ന് മടിയില്ലാതെ ചോദിക്കാൻ ഈ കേരളത്തിൽ ഒരേയൊരു ബി.ആർ.എം.ഷഫീർ മാത്രമേ ഉണ്ടായുള്ളൂ.  'ശ്രീമാൻ ഉമ്മൻ ചാണ്ടീ... നിങ്ങൾ മദ്യമാഫിയയുടെ ആളാണ്' എന്നലറിവിളിച്ചു പറയാൻ ഒരൊറ്റ കമ്മിയുമുണ്ടായിരുന്നില്ല. ആ നിയോഗമേറ്റെടുത്തത് നിയുക്ത ഗവർണർ പദ്മജയുടെ ഭ്രാതാവ് മുരളീധരൻ മാത്രമായിരുന്നു എന്നതും മറന്നുകൂടാ'. കാലത്തിന്റെ മാറ്റങ്ങളുടെ കാറ്ററിയുന്ന കോൺഗ്രസുകാരെ മനസ്സിലാക്കാനും അംഗീകരിക്കാനും മനസ്സുണ്ടാവട്ടെ മലയാളിക്കെന്നും അദ്ദേഹം പരിഹസിച്ചു. '

പ്രേം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

തിരുവഞ്ചൂർ രണ്ടാമനൊപ്പമാണ് ഞാൻ. 

ദേവന്മാരുടെ മുന്നിൽ വാദം പറയാൻ പോവുന്ന കോടതി ബാർ എന്തോ സംഭവമാണെന്നും

കല്യാണി ബിയറും കപ്പലണ്ടിയും കിട്ടുന്ന അമ്പാടി ബാർ എന്തോ അലമ്പാണെന്നുമുള്ള പറച്ചിൽ മലയാളിയുടെ പലപല ലാർജ് ഹിപ്പോക്രിസികളിൽ ഒരെണ്ണം മാത്രമാണ്.    

മേൽപ്പോട്ട് പോവാനുള്ള വിസ വന്നു നിൽക്കുന്ന കാർന്നോൻമാരെ വരെ ചവുട്ടിക്കൂട്ടി കല്യാണ സദ്യയ്ക്ക് ഇരച്ചുകയറുന്നവർ മഹാമാന്യന്മാരും   

കുപ്പിവിലയുടെ നാലിരട്ടിവരെ നികുതികൊടുത്ത്, പൊരിവെയിലത്ത് ഒരക്ഷരം തെറ്റാതെ ബിവറേജിൽ കുപ്പി വാങ്ങാൻ വരിനിൽക്കുന്നവർ മഹാമോശക്കാരുമാണെന്ന തോന്നൽ മലയാളിയുടെ പലപല സ്‌മോൾ ഹിപ്പോക്രിസികളിൽ ഒരെണ്ണം മാത്രമാണ്. 

ബാർ മുതലാളിമാരുടെ ഗ്രൂപ്പ് അഡ്മിനായിരുന്നു എന്നതിന്റെ പേരിൽ പുതിയ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് അർജുനെയും പഴയ കോൺഗ്രസിന്റെ അഖിലകേരള നേതാവ് തിരുവഞ്ചൂരിനെയും ട്രോളുന്നത് കാണുമ്പോൾ എന്റെ ലിവർ വേദനിക്കുകയാണ് 

സുഹൃത്തുക്കളേ, വേദനിക്കുകയാണ്. 

ആന്റണി ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു തിരുവഞ്ചൂർ ഒന്നാമൻ; അമ്പാടി ഗ്രൂപ്പിന്റെ അഡ്മിനാണ് തിരുവഞ്ചൂർ രണ്ടാമൻ. 

പന്തിയിൽ പക്ഷഭേദമെന്തിന്? 

ഇനി പറയാൻ പോവുന്നതിന്റെ പേരിൽ ഏത് കട്ടക്കമ്മി പ്രതിഷേധിച്ചാലും എനിക്കൊരു പെഗ്ഗുമില്ല എന്ന് പറഞ്ഞുകൊണ്ട് പറയട്ടെ: 

ബാറിന്റെ കാര്യത്തിൽ ഞാൻ തിരുവഞ്ചൂറുകാർക്കൊപ്പമാണ്, കോൺഗ്രസുകാർക്കൊപ്പമാണ്.  

ബാറിനോടും ബീറിനോടും ബ്രാണ്ടിയോടും സിംഗിൾ മാൾട്ടിനോടുമുള്ള നിലപാടുകളിൽ മാറ്റം വരേണ്ടതുണ്ടെന്ന കാര്യം മനസ്സിലാക്കിയേ മതിയാവൂ നമ്മൾ. 

പരിപ്രേക്ഷ്യത്തിലാണ് മാറ്റം വരേണ്ടത്; 

ഒരു പാരഡൈം ഷിഫ്റ്റ് ഉണ്ടാവേണ്ടതുണ്ട്. 

(ഇങ്ങനെയൊക്കെ പറഞ്ഞാലേ പു.ക.സ.ക്കാർക്ക് മനസ്സിലാവൂ... അതോണ്ടാ)

അനിവാര്യമായ ഈ മാറ്റത്തിൽ കേരളത്തിലെ കോണ്ടെക്സ്റ്റിൽ അതുല്യമായ സംഭാവനകൾ നൽകിയതും നൽകുന്നതും കോൺഗ്രസുകാരാണ്; മാർക്സിസ്റ്റുകാരല്ല. 

സീ...

ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കൊപ്പം ഒരു സ്‌മോൾ ഡാൻസ് കളിക്കുന്ന കാര്യം ആലോചിക്കാൻ പറ്റുമോ ആർഷോ ഭായ്ക്ക്?

ബട്ട് അലോഷി കാൻ. 

ബാർ മുതലാളിമാരുടേത് പോവട്ടെ ബിയർ മുതലാളിമാരുടെ ഗ്രൂപ്പ് അഡ്മിനാവുന്ന കാര്യം വീക്കെന്റിലെങ്കിലും തിങ്ക് ചെയ്യാൻ പറ്റുമോ വീ കെ സനോജിന്?

ബട്ട് അർജുൻ കാൻ. 

രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ വെച്ച്, ബ്ലോക്ക് ഭാരവാഹികളോട് 'ഏത് ബ്രാൻഡാണ് അടിക്കുന്നത് ചെങ്ങായീ?' എന്ന് മടിയില്ലാതെ ചോദിക്കാൻ ഈ കേരളത്തിൽ ഒരേയൊരു ബി.ആർ.എം.ഷഫീർ മാത്രമേ ഉണ്ടായുള്ളൂ. 

മറന്നു പോവരുത് നമ്മൾ...മറന്നു പോവരുത്. 

അത്താഴത്തിന് തൊട്ടുമുൻപ് രണ്ടെണ്ണം അടിക്കുന്നതിന്റെ ഗുണത്തെപ്പറ്റി 

ഗുണദോഷിക്കാൻ പറ്റുമോ ഗോവിന്ദൻ മാഷിന്? 

എത്ര മനോഹരമായാണത് പറയുന്നത് സുധാകർജി?

ഏതോ രണ്ടുമൂന്ന് ബാറിന്റെ കടലാസ് പുതുക്കുന്നതിന് അന്ന് സുധീരൻജി അള്ളു വെച്ചപ്പോ കട്ടക്കലിപ്പ് കേറീട്ട് എന്നാപ്പിന്നെ ഒറ്റൊന്നും തുറക്കണ്ടാന്ന് കട്ടായം പറഞ്ഞ ശ്രീമാൻ ഉമ്മൻ ചാണ്ടിയെ നമ്മൾ മറന്നുകൂടാ.

ഒരു സ്‌മോൾ കൂടി പറയട്ടെ. 

'ശ്രീമാൻ ഉമ്മൻ ചാണ്ടീ... നിങ്ങൾ മദ്യമാഫിയയുടെ ആളാണ്' എന്നലറിവിളിച്ചു പറയാൻ ഒരൊറ്റ കമ്മിയുമുണ്ടായിരുന്നില്ല.

ആ നിയോഗമേറ്റെടുത്തത് നിയുക്ത ഗവർണർ പദ്മജയുടെ ഭ്രാതാവ് മുരളീധരൻ മാത്രമായിരുന്നു എന്നതും മറന്നുകൂടാ.

അതാണ് പറയുന്നത്...

കാലത്തിന്റെ മാറ്റങ്ങളുടെ കാറ്ററിയുന്ന കോൺഗ്രസുകാരെ മനസ്സിലാക്കാനും അംഗീകരിക്കാനും മനസ്സുണ്ടാവട്ടെ മലയാളിക്ക്. 

പ്രേംകുമാർ 

ഇതാ ഇതിപ്പോ, ഇന്ന് രാവിലെ എഴുതിയതാണ്. 

ENGLISH SUMMARY:

Prem Kumar facebook post about Arjun Radhakrishnan and Bar bribery case