Nirathile-villan-HD

സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കാൻ ഊര്‍ജിത നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് മോട്ടോര്‍വാഹനവകുപ്പ് പറയുമ്പോഴും ജീവനെടുക്കുന്ന അപകടങ്ങള്‍ക്ക് അറുതിയില്ല. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ എഐ ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചെങ്കിലും ഏറ്റവുമധികം വാഹനാപകടം ഉണ്ടാകുകയും നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരുക്കേല്‍ക്കുകയും ചെയ്ത വര്‍ഷമാണ് 2023. 

വിവിധ ജില്ലകളിലായി  48,091 വാഹനാപകടങ്ങളാണ് കഴിഞ്ഞവര്‍ഷം ഉണ്ടായത്. 4080പേര്‍ മരണപ്പെടുകയും 54,320 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ  വ്യക്തമാക്കുന്നു. എന്നാല്‍ 2022നെ അപേക്ഷിച്ച് മരണനിരക്ക് കുറഞ്ഞു എന്നത് നേരിയ ആശ്വാസമാണ്. 

2022ലെപ്പോലെ കഴിഞ്ഞ വർഷവും  നിരത്തുകളില്‍ ഏറ്റവുമധികം ജീവൻ പൊലിഞ്ഞത് ഇരുചക്രവാഹനങ്ങള്‍ ഉൾപ്പെട്ട അപകടങ്ങളിലാണ്. 14,162 ബൈക്കപകടങ്ങളില്‍ 1237 കൊല്ലപ്പെടുകയും 11,374 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. 5210 സ്കൂട്ടര്‍ അപകടങ്ങളും  2023ൽ ഉണ്ടായി. 239 പേര്‍ കൊല്ലപ്പെടുകയും 4172 പേര്‍ക്ക് സാരമായി പരുക്കല്‍ക്കുകയും ചെയ്തു.

chart-01

ആകെ 19,372 ഇരുചക്രവാഹനാപകടങ്ങളില്‍ 1566 മരണം. മൊത്തം 15,546 പേര്‍ പരുക്ക് പറ്റി ചികിത്സ തേടി. 2022ല്‍ 17,756 അപകടങ്ങളില്‍ 1665 മരണമാണ് ഉണ്ടായത്. 

അപകടക്കണക്കില്‍ രണ്ടാം സ്ഥാനം കാറുകള്‍ക്കാണ്. 2023ല്‍ 14,027 കാറപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. 885 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 11391  പേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

chart-02

ലോറി അപകടങ്ങള്‍ 2022ലേക്കാൾ വര്‍ധിച്ചു. 2022ല്‍ 1714 അപകടങ്ങളില്‍ നിന്നായി 364 ജിവനുകളാണ് ലോറി അപകടത്തില്‍ നഷ്ടമായതെങ്കില്‍ 2023ൽ അപകടങ്ങളുടെ എണ്ണം 2008 ആയി വർധിച്ചു. മരണസംഖ്യ  352. 798  മിനിലോറി അപകടങ്ങളില്‍ 93 പേര്‍ക്കും ടിപ്പര്‍ അപകടങ്ങളില്‍ 62 പേര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. 

chart-03

കേരളത്തില്‍ ഡ്രൈവിങ്ങിൻ്റെ കാര്യത്തിൽ ഏറ്റവുമധികം പരാതി കേൾപ്പിക്കുന്ന  വിഭാഗമാണ് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും. മരണപ്പാച്ചില്‍ നടത്തി അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ആക്ഷേപം പലകോണുകളില്‍ നിന്നും ഉയരാറുണ്ട്. ഇരുകൂട്ടരും ഉണ്ടാക്കുന്ന അപകടങ്ങള്‍ മുന്‍വര്‍ഷത്തെക്കാള്‍ വര്‍ധിച്ചുവെന്നും  സ്വകാര്യ ബസുകള്‍ കെ.എസ്.ആര്‍.ടി.സിയെക്കാള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ക്രൈം റെക്കോർഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു.

2022ല്‍ 1902 സ്വകാര്യബസ് അപകടങ്ങളില്‍ 215 പേര്‍ മരിച്ച കേരളത്തില്‍ 2023 ആയപ്പോൾ 2248 അപകടങ്ങളാണ് ഉണ്ടായത്. 214 പേര്‍ മരിക്കുക്കയും 1384 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. 

chart-05

നൂറിലധികം ആളുകളുടെ ജീവനാണ് കഴിഞ്ഞവര്‍ഷം  കെ.എസ്.ആര്‍.ടി.സി. കവര്‍ന്നത്. കെഎസ്ആര്‍ടിസി ബസുകള്‍‌ ഉൾപ്പെട്ട 688 അപകടങ്ങളിൽ 103 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റത് 463 പേര്‍ക്ക്. 

chart-04

അപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഓട്ടോറിക്ഷകളും പിന്നിലല്ല. 2022ല്‍ 3664 അപകടങ്ങള്‍ ഉണ്ടായപ്പോള്‍ കഴിഞ്ഞവര്‍ഷം അത് 4047 ആയി ഉയര്‍ന്നു. 246 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 3333 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 483 ഗുഡ്സ് ഓട്ടോ അപകടങ്ങളില്‍ 34 പേരും കഴിഞ്ഞ വര്‍ഷം മരിച്ചിട്ടുണ്ട്. 

chart-06

ഈ വാഹനങ്ങള്‍ക്ക് പുറമേ  ടെംപോ വാന്‍ അപകടങ്ങളില്‍ 68 പേര്‍ക്കും ജീപ്പ് അപകടങ്ങളില്‍  58 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 2024 ഏപ്രില്‍ വരെ മാത്രം സംസ്ഥാനത്ത് 17,409 വാഹനാപകടങ്ങളില്‍ 1393 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു.

chart-07

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ എഐ ക്യാമറകളും കര്‍ശനപരിശോധനകളും നടക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ഈ വര്‍ഷത്തെ കണക്ക് ശുഭസൂചനയല്ല നല്‍കുന്നത്.

ENGLISH SUMMARY:

Kerala Road Accidents In 2023; The year with the most number of road accidents in kerala