ശ്രീലങ്കയിലെ കൊളംബോയിൽ വച്ച് നടന്ന മാസ്റ്റേഴ്സ് മീറ്റിൽ വെങ്കല മെഡൽ നേടി തെങ്ങുകയറ്റ തൊഴിലാളി. കാസർകോട് പാക്കം സ്വദേശി ചന്ദ്രനാണ് 5000 മീറ്റർ ഓട്ടത്തിൽ രാജ്യത്തിനായി മെഡൽ നേടിയത്.
പതിനാറാം വയസ്സിൽ ജീവിതപ്രാരാബ്ദത്തെത്തുടർന്നാണ് ചന്ദ്രൻ പഠനം നിർത്തി തെങ്ങുകയറ്റത്തൊഴിലാളിയായത്. എന്നാൽ തന്നിലെ കായികതാരത്തെ ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. രാവിലെ ജോലിക്കിറങ്ങും. ജോലി കഴിഞ്ഞെത്തിയാൽ ബീച്ചിൽ പരിശീലനത്തിനിറങ്ങും. പതിയെ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. ഒടുവിൽ കഷ്ടപ്പാടിന്റെ പ്രതിഫലവും ലഭിച്ചു. മാസ്റ്റേഴ്സ് മീറ്റിൽ രാജ്യത്തിനായി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി.
നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള പണം നൽകിയത്. അവരുടെ പ്രതീക്ഷകൾ ചന്ദ്രൻ തെറ്റിച്ചില്ല. വെങ്കല മെഡൽ ചന്ദ്രൻ കഴുത്തിലണിഞ്ഞപ്പോൾ ഒരു നാടിന്റെയാകെ പ്രതീക്ഷകളാണ് പൂവണിഞ്ഞത്. അടുത്തവർഷം തായ് വാനിൽ നടക്കുന്ന ടൂർണമെന്റാണ് അടുത്ത ലക്ഷ്യം. അതിനുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയില്ല. അതിനായി ഒരു സ്പോൺസറെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ചന്ദ്രൻ.